Sunday, September 23, 2012

ബട്ടണില്ലാത്ത നിക്കർ

         യ്യ., ഇനി വയ്യ. ഈ പീഢനങ്ങൾ മടുത്തു. ഇനിയൊന്നും കാത്തുനിൽക്കുന്നതിൽ അർത്ഥമില്ല. ഒളിച്ചോടുക തന്നെ. എങ്കിലേ ഇവറ്റകളോക്കെ ഒരു പാഠം പഠിക്കൂ. എത്രയെന്നു വെച്ചാ സഹിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തെ കാര്യമാണോ, ഈ അദ്ധ്യയന വർഷം തുടങ്ങിയപ്പോ മുതൽ പീഢനമാ.  ഇതൊരു നിലയ്ക്കൊന്നും പോവില്ലെന്ന് വ്യക്തമായ സ്ഥിതിക്ക് ഉച്ചകഴിഞ്ഞ് ഒളിച്ചോടുക തന്നെ. നല്ലൊരു ഞായറാഴ്ചയായിട്ട് ഗോലി കളിക്കാനിറങ്ങിയപ്പോൾ പഠിക്കാൻ. അല്പം കഴിഞ്ഞെത്താമെന്നു പറഞ്ഞതിനു വഴക്കും, ചോറു തരില്ലെന്ന ഭീഷണിയും. ആർക്കു വേണം നിങ്ങളുടെ ഭക്ഷണം. ആത്മഗതം ഇത്തിരി ഉച്ചത്തിലായി പോയപ്പോൾ ഒരെണ്ണം കിട്ടി. നല്ല വേദനയെടുത്തത് പുറത്ത് കാണിക്കാതെ തലകുനിച്ച് മൺഭിത്തിയുടെ മൂലയിലെക്കു ചുരുണ്ടുകൂടിയിരുന്ന് തീരുമാനം ഒന്നു കൂടിയുറപ്പിച്ചു. കാണിച്ചു തരാം ഞാൻ.

          മൂന്നുമണിയോടടുത്തു. അടുക്കളഭാഗത്തെ ഓലവാതിൽ പതിയെ മാറ്റി പുറത്തിറങ്ങി., ആരും കാണുന്നില്ല, ഭാഗ്യം. കത്തിയാളുന്ന വിശപ്പിനെ അവഗണിച്ച്, ബട്ടണില്ലാത്ത നിക്കറൊന്നു കൂടി പിരിച്ച് കൂട്ടിക്കെട്ടി കാലുകൾ വലിച്ചു നടന്നു. മനസ്സു മുഴുവൻ പകയും ദേഷ്യവുമായിരുന്നു. എന്തിനാണിവർക്കെന്നോടിത്ര വിരോധം. മല്ലിപാത്രത്തിൽ നിന്നു അഞ്ച് രൂപയെടുത്തതിനോ. അതു കഴിഞ്ഞയാഴ്ചയല്ലായിരുന്നോ.  കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും തല്ലിനു കുറവൊന്നുമുണ്ടായില്ലല്ലോ. ദൈവാനുഗ്രഹത്താൽ അതിനു മാത്രമൊരു മുട്ടുമില്ല. ഒരുത്തനാണെങ്കിൽ നോക്കിയിരിക്കുവാ കിട്ടുന്ന വിടവിൽ തലക്കിട്ട് തരാൻ., പത്താം ക്ലാസ്സുകാരൻ പഠിച്ചില്ലെങ്കിലും ആർക്കുമൊരു കുഴപ്പവുമില്ല, വാപ്പാടെ വലം കൈ. ഞാൻ മാത്രം ക്ലാസ്സിൽ മുമ്പനായാൽ മതിയോ, പറയുന്നവർക്കങ്ങു പറഞ്ഞാൽ മതി, എളുപ്പമുള്ള കാര്യമല്ലേ. ഒരു ചെരിപ്പ് വാങ്ങിത്തരാൻ പറഞ്ഞിട്ടെത്ര നാളായി, അതൊന്നും പറ്റില്ല, പാലു  കൊണ്ടുക്കൊടുക്കാൻ പോകുമ്പോൾ ചെരിവിലെ കല്ലിൽതട്ടി മുറിവായത് ഇതുവരെ കരിഞ്ഞിട്ടില്ല. ഇന്നു വൈകിട്ടാരു പാലുകൊണ്ട് കൊടുക്കുമെന്നറിയണമല്ലോ.

          കയറ്റം കയറികഴിഞ്ഞപ്പോ ആശ്വാസമായി. ടാപ്പിൽ നിന്നല്പം വെള്ളംകുടിച്ച് കാലും കഴുകി, ചെമ്പൻ മുടി അല്പം വെള്ളം തൊട്ട് കൈ കൊണ്ട് മാടിയൊതുക്കി. അങ്ങോട്ട് ചെല്ലുമ്പോൾ ഒളിച്ച് വന്നതാണെന്ന് ഇത്താക്കറിയാം. സ്നേഹത്തോടെയുള്ള ഇത്തായുടെ നോട്ടം കണ്ടാൽ മനസ്സു നിറയും. പാവം കുട്ടികളില്ലാത്തതെന്താണോ. ചെന്നയുടനെ ചോറും കറിയും വിളമ്പിത്തരും, അതു കഴിഞ്ഞേ എന്തിനാ വീട്ടീന്നു ചാടി  വന്നതെന്ന് ചോദിക്കൂ. പോലീസുകാരനില്ലാതെയിരുന്നാൽ മതി. കണ്ടാലേ പേടി വരും. എന്തൊരു പൊക്കമാ, കപ്പടാ മീശയും, കര കരാന്നുള്ള ശബ്ദവും. ഒരു വല്ലാത്ത രൂപം തന്നെ, പിള്ളേരേ പേടിപ്പിക്കാനുള്ള ഓരോ പടപ്പുകൾ. വേലിക്കൽ  നിന്നൊന്ന് പാളി നോക്കി. ഹെർക്കുലീസ് സൈക്കിൾ ഇറയത്ത്. ഉച്ചക്കുണ്ണാൻ വന്നതാവും, ഉടനെ പോകാതിരിക്കില്ല. അകത്തോട്ട് കേറിചെന്നാൽ ചെവിക്കു പിടിച്ച് തൂക്കിയെടുത്ത് വീട്ടിൽ തിരിച്ചുകൊണ്ടിടും, സകല മാനവും പോകും. തേങ്ങാക്കൂട്ടിൽ അല്പനേരം വിശ്രമിക്കാം അതെയുള്ളൂ വഴി. വിശപ്പും ക്ഷീണവും തളർത്തിയിരിക്കുന്നു, വീട്ടിലെങ്ങാനുമിരുന്നാൽ മതിയാരുന്നു. തിരിച്ച് പോയാലോ, വേണ്ട, . പോലീസുകാരൻ പോയിക്കഴിഞ്ഞു ചോറൊക്കെയുണ്ടിട്ടിരിക്കുമ്പോൾ അവൻ വന്നോളും വിളിക്കാൻ. അതു വരെ എല്ലാരുമൊന്നു പേടിക്കട്ടെ. പോലീസ് പോകുന്നത് വരെ ഇവിടെങ്ങാനും കുത്തിയിരിക്കാം.

          എങ്ങനെ കണ്ണു തുറന്നെന്നറിയില്ല., വിശപ്പും ദാഹവും വല്ലാണ്ടായിരിക്കുന്നു. തേങ്ങാക്കൂട്ടിനുള്ളിലും പു|റത്തും കട്ടപിടിച്ച ഇരുട്ട്. അതിനിടയ്ക്കു രാത്രിയുമായോ. തട്ടിപ്പിടഞ്ഞെഴുന്നേറ്റു. നിക്കർ വീണ്ടും അരയിലുറപ്പിച്ചൂ. പോലീസുകാരൻ അവിടുണ്ടോ, ഇത്താ ഉറക്കമായോ, കുറേ ചോദ്യങ്ങൾ മനസ്സിലൂടെ പെട്ടെന്ന് കടന്നു പോയി. തേങ്ങാക്കൂട്ടിൽ നിന്നിറങ്ങി പതിയെ വീടിനടുത്തെക്ക് നടന്നു. വാതിൽ പുറത്ത് നിന്നു പൂട്ടിയിരിക്കുന്നു. ഇറയത്ത് പോലീസിന്റെ ഹെർക്കുലീസ്. നായകൾ കുരക്കുന്ന ശബ്ദം കേൾക്കാം, കുറ്റാക്കുറ്റിരുട്ടത്ത് വീട്ടിലേക്ക് തിരികെ പോകാനും കഴിയില്ല. നെഞ്ചിടിപ്പ് കൂടി വരുന്നത് പേടിയോടെ തിരിച്ചറിഞ്ഞു. കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിരിക്കുന്നു. എത്ര നേരം ഉമ്മറത്ത് ചാരിയിരുന്നോ ആവോ.

          റസിയാ ദായിരിക്കുന്നു നിന്റെ ആങ്ങളേടെ പുന്നാരമോൻ...  പോലീസിന്റെ ശബ്ദം.
ചോദ്യങ്ങൾക്കുത്തരമായി തേങ്ങാക്കൂട് ചൂണ്ടിക്കാണിക്കാനേ ആയുള്ളൂ. ഇത്താ തന്ന വെള്ളം കുടിച്ച് സലാമിക്കായുടെ സൈക്കിളിന്റെ മുന്നിൽ കയറി യാത്ര. വഴിമദ്ധ്യേ മനസ്സിലായി യാത്ര വീട്ടിലേക്കല്ല, പിന്നെങ്ങോട്ടാണോ, ചോദിക്കാൻ ധൈര്യം വന്നില്ല. ഗവണ്മെന്റ് ആശുപത്രിയുടെ വലിയ വാതിലിനു മുന്നിൽ സൈക്കിൾ നിർത്തി, ഇറങ്ങി വരാൻ ആംഗ്യം കാണിച്ച് സലാമിക്ക മുൻപേ നടന്നു.വിറയലോടേ കാലുകൾ ആശുപത്രി മുറ്റത്ത് നിന്നും വാർഡിലേക്ക്. വാപ്പ, ഉമ്മാ, മൂന്ന് പെങ്ങമ്മാർ, അവനെവിടെ, ഇക്കാ....വാപ്പയൂടെ മുഖത്തേക്ക് നോക്കാൻ ധൈര്യമൊട്ടുമുണ്ടായില്ല. മരുന്നുമണം വമിക്കുന്ന ആ വലിയ  ഹാളിന്റെ ഒരു മൂലയിൽ ഇരുമ്പു കട്ടിലിൽ അവൻ. ശരീരം മുഴുവൻ മുറിഞ്ഞിരിക്കുന്നു. പതിയേ അടുത്തേക്കു ചെന്ന് കയ്യിൽ പിടിച്ചു കൊണ്ടു വിളിച്ചു..ഇക്കാ.., കണ്ടതേ ഒരാശ്വാസത്തോടെയവൻ ചിരിച്ച് കൊണ്ട് ചോദിച്ചു.. എവിടെപോയതാടാ കള്ള ചെക്കാ നീ...കെട്ടിപ്പിടിച്ച് വിതുമ്പാനേ കഴിഞ്ഞുള്ളൂ. പിന്നീട് ഇത്തായാണു പറഞ്ഞത് തന്നെ കാണാതായ പുകിലിൽ അന്വേഷിച്ച് നടന്ന് കിണറ്റിൽ വീണതാണവൻ.