Sunday, October 21, 2012

വികസനം

"അറക്കുന്നു മാനവാ നിങ്ങൾ
 വിറക്കുന്ന മരച്ചില്ലകളെ
 മറക്കുന്നു മർത്യാ നിങ്ങൾ
 പിറക്കുന്ന പക്ഷിക്കുഞ്ഞുങ്ങളേയും.."മാലിന്യ നിർമാർജ്ജനം
"പശിയടക്കാൻ പശുവിനൊപ്പം
 പശിമയകന്നൊരു മണ്ണിൽ
 പകലന്തിയോളം പ്ലാസ്റ്റിക്കിന്നിടയിൽ പരതി
 പരമ ദരിദ്രരാം പൈതങ്ങൾ"വിഷപ്പുക


"പിരിക്കും സ്നേഹജനങ്ങളേ
 എരിക്കും സിഗരറ്റതു ചുണ്ടിൽ
 കരിക്കും തനുവതു മുഴുവൻ
 മരിക്കും അതിന്നടിമയാകിൽ"Sunday, October 14, 2012

സുകു കണ്ട ജലയക്ഷി...

"എന്നിട്ട്.."
ആകാംക്ഷയോടെ മോനായി മുന്നോട്ടാഞ്ഞു.
     വടക്കേപ്പറമ്പിലെ വൈകുന്നേരത്തെ പന്തുകളി കഴിഞ്ഞ് എല്ലാവരും വീടണഞ്ഞിട്ടും ആ നാൽവർ സംഘത്തിനു പോകാറായില്ല. ആവേശം തിരതല്ലിയ കളിക്കു ശേഷം ഗോൾപോസ്റ്റിനു സമീപം വട്ടത്തിൽ ചടഞ്ഞു കൂടിയിരുന്ന് കഥകൾ പറഞ്ഞിരിയ്ക്കൽ അവരുടെ ഇഷ്ട വിനോദം തന്നെ. കൂട്ടത്തിൽ രണ്ട് വയസ്സിനു മുതിർന്ന സുകുവാണിന്നത്തെ ശ്രദ്ധാകേന്ദ്രം. സുകു പത്താം തരം തോറ്റതിനു ശേഷം ചന്തയിലെ പച്ചക്കറിക്കടയിൽ പണിക്കു നിക്കുവാണെങ്കിലും പന്തു കളിയുടെ സമയമാകുമ്പോൾ പണിയൊക്കെ ഒതുക്കിയിട്ട് പുറത്ത് ചാടും. സമപ്രായത്തിലും അല്ലാത്തവരുമായ ആ പ്രദേശത്തുള്ള കരുമാടിക്കുട്ടന്മാരൊക്കെ വടക്കേപ്പറമ്പിലൊത്തു കൂടും. എല്ലാം പുളുവടിക്ക് ഒന്നിനൊന്നു മെച്ചം. കൂട്ടത്തിൽ സുകു തന്നെ താരം. കഴിഞ്ഞദിവസം കളിയും കുളിയുമൊക്കെ കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴി നടന്ന സംഭവമാണു സുകുവെടുത്തലക്കുന്നത്.

" നീ  ബാക്കി പറേന്നൊണ്ടോ ഇല്ലയോ?" മോനായിയുടെ കണ്ട്രോൾ പോയിത്തുടങ്ങി.
" പറയുവല്ലിയോ, ഒന്നടങ്ങടാ പന്നീ.."  ദിനേശ്ബീഡിയുടെ അവസാന പുകയെടുക്കവേ സുകുവിന്റെ കവിളുകൾ വട്ട്സോഡയുടെ കഴുത്തു പോലെ ഉള്ളിലേക്കു വലിഞ്ഞു.
"അപ്പ നമ്മളെവിടാ പറഞ്ഞു നിർത്തിയേ..?"
"തോട്ടീന്ന് കേറിയതു വരെ പറഞ്ഞു" മായന്റെ ഉത്തരം പെട്ടന്നായിരുന്നു.
"ആ...കുളീം കഴിഞ്ഞു തോട്ടീന്ന് കേറി, ഇന്നലെ നല്ല തണുപ്പല്ലാരുന്നോ.., നനഞ്ഞ തോർത്തും തോളത്തിട്ടിരുന്ന കാരണം ആ തണുപ്പും കൂടെ.., പണ്ടാരം ആകെ തണുത്തു വിറച്ചാ ഞാൻ തോട്ടുവക്കത്തൂടെ നടന്നത്."

      സുകുവിന്റെ മനസ്സിലൂടെ ആ രംഗങ്ങൾ തിരശ്ശീലയിലെന്ന വണ്ണം മിന്നിമറഞ്ഞു. നല്ല മഴക്കോളും കാണുന്നുണ്ട്. എട്ടൊൻപത് മണി കഴിഞ്ഞിട്ടുണ്ടാവും. കുളി കഴിഞ്ഞു തോട്ടീന്നു കേറിയ സുകുവിനു ചുറ്റുവട്ടത്തൊന്നും ആരെയും കാണാൻ കഴിഞ്ഞില്ല.കുട്ടപ്പന്റെ ഓലക്കുടിൽ അക്കരെ കാണാമെങ്കിലും ആൾക്കാരെ കാണാൻ വയ്യാത്തത്ര ഇരുട്ട്. മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കൊരെണ്ണം കുട്ടപ്പന്റെ വീടിന്റെ തിണ്ണയിൽ കാണാം. കുട്ടപ്പന്റെ വീടും കഴിഞ്ഞു പത്ത് മിനിറ്റെങ്കിലും നടക്കണം  വീട്ടിലെത്താൻ.  തോടിന്റെ തിട്ടക്ക് കരിങ്കൽ കൊണ്ട് ചെറിയ ഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും കാലപ്പഴക്കം കൊണ്ട് കല്ലുകൾ പലതും തോട്ടിലേക്ക് തന്നെ വീണു കിടപ്പുണ്ട്. ചെറിയ നിലാവെളിച്ചത്തിന്റെ സഹായത്തോടെ, ഇളകിക്കിടക്കുന്ന കല്ലുകൾ ശ്രദ്ധിച്ച് തോട്ടുവക്കത്തൂടെ  മൂളിപ്പാട്ടും പാടി മുന്നോട്ട് നടന്നു.

"അപ്പ അവിടെങ്ങും ആരുമില്ലാരുന്നോ സുകുവേ..?" മോനായിക്കു ആകാംക്ഷയടക്കാനായില്ല.
"ഡാ മായാ.. ദേ ഇവനെന്റെ കയ്യീന്നു മേടിക്കുവേ...., ഞാനതല്ലേ അങ്ങോട്ട് പറഞ്ഞോണ്ട് വരുന്നത്" സുകു ദേഷ്യം മറച്ച് വെച്ചില്ല.
" നിങ്ങളു രണ്ടും പടച്ചോനെയോർത്ത് ഒന്ന് മിണ്ടാതിരി, അവൻ പറയട്ടെ.."ഒന്നും മിണ്ടാതെ ഒക്കെ കേട്ടിരുന്ന റഷി പെട്ടെന്നിടപെട്ടു പറഞ്ഞു.  അതു കേട്ടിരുവരും സുകുവിന്റെ വാക്കുകൾക്കു ചെവിയോർത്തു.
"നടന്ന് പാലത്തിനടുത്തെത്താറായി. ദാണ്ടേ..ആ പോസ്റ്റുങ്കാലിന്റെ ദൂരോം കൂടെ" അപ്പുറത്തെ ഗോൾ പോസ്റ്റായി നാട്ടി വെച്ചിരുന്ന മുളങ്കമ്പ് ചൂണ്ടിക്കാണിച്ച് സുകു തുടർന്നു.
"അത്രോം അടുത്തെത്തി കേട്ടോടാവ്വേ..
അപ്പ പാലത്തിന്റങ്ങോട്ട് ഞാൻ നോക്കിയപ്പോ, പാലത്തേ നിൽക്കുന്നു വെളുത്ത സാരിയൊക്കെ ഉടുത്തൊരു പെണ്ണ്. " മോനായി അതു കേട്ട് ഉമിനീരിറക്കി.
 "നീ ശരിക്കും കണ്ടോ" മായനൊരല്പം വിശ്വാസക്കുറവ്.
"പിന്നല്ലേ, പാലത്തിന്റെ നടുക്കു തന്നെ, തറേൽ തൊട്ടിട്ടൊന്നുമില്ല, പ്രേതം തന്നെ, രാമങ്കരിയിലുള്ള ഒരു പെണ്ണിന്റെ ശവം കടവത്ത് വന്നടിഞ്ഞില്ലേ, മിക്കവാറും അവളു തന്നെയാവാനാ ചാൻസ്." അവളുടെ ഫാമിലിയെ പറ്റിയുള്ള തന്റെയറിവും അവനവർക്കായി പങ്കു വെച്ചു.
"നീ പേടിച്ചോ..?"
"ഉം..,  കൊറേ പുളിക്കും, ഞാനതിനല്ലേ എപ്പഴും ഇരുമ്പു കൊണ്ട് നടക്കുന്നത്, ഇടയ്ക്കൊക്കെ ആ വഴീലൊക്കെ ഇത് പോലുള്ള ശല്യമുണ്ടെന്നു ഔതക്കുട്ടി ഇന്നാളു പറഞ്ഞതീപിന്നെ ഞാൻ ഇതും കൊണ്ടാ നടക്കുന്നത്." ചെറിയൊരു മടക്കു പിച്ചാത്തി കളസത്തിന്റെ പോകറ്റീന്നെടുത്തവരെ കാണിച്ച് കൊണ്ട് പറഞ്ഞു.
"ഒള്ള ധൈര്യമെല്ലാം കൂടെ വാരിപ്പിടിച്ച് കത്തിയും കയ്യിലെടുത്ത് ഞാൻ മുന്നോട്ട് നടന്നു വരുന്നത് കണ്ടപ്പോ, കളി സുകൂന്റടുത്ത് നടക്കില്ലെന്നു വിചാരിച്ചാവും അതങ്ങ് മാഞ്ഞു പോയി.." സുകു പറഞ്ഞു നിർത്തിയിട്ടവരുടെ മുഖത്തേക്കു നോക്കി, മോനായിയും മായനും ശരിക്കും വിശ്വസിച്ച മട്ടാ, റഷിക്കൊരു ചെറിയ സംശയമുണ്ട്.
"ഹോ. നെന്നെ സമ്മതിക്കണം, ഞങ്ങളെങ്ങാനുമായിരുന്നേൽ പെടുത്തു പോയേനേ.." മായൻ അവന്റെ ധൈര്യത്തിനു ഒരു തിലകം കൂടി ചാർത്തിക്കൊടുത്തു.
"എന്തായാലും ഇനിയതിലേ പോകുമ്പോ സൂക്ഷിക്കണം, കേട്ടോടാ.:." റഷി മുന്നറിയിപ്പും കൊടുത്തുകൊണ്ടെഴുന്നേറ്റു.

     ഗൂഢമായ ഒരു ആനന്ദത്തോടെ സുകു സൈക്കിളിനടുത്തേക്കു നടന്നു. പൊട്ടന്മാരു നല്ലോണം പേടിച്ചിരിക്കുന്നു. മോനായി രാത്രിയിൽ കിടന്നു കാറാതെയിരുന്നാൽ മതിയാരുന്നു. മൂന്നാലു ദിവസത്തേക്കിതു തന്നെ പറഞ്ഞോണ്ട് നടന്നോളും.  ഇരുട്ടു പരന്നു തുടങ്ങിയിരിക്കുന്നു.   ഇനിയും നിന്നാൽ ശരിയാകില്ല., കുളിയൊക്കെ വീട്ടിൽ ചെന്നാവാം.  നാളെ നേരത്തെ കടയിലെത്തണം.  ഓരോന്നു വിചാരിച്ച് സൈക്കിളാഞ്ഞു ചവിട്ടി സുകു വഴി വേഗത്തിൽ പിന്നിട്ടു.വഴിവിളക്കൊന്നും പ്രകാശിക്കുന്നില്ലെങ്കിലും സ്ഥിരമായി പോകുന്ന വഴിയായതിനാൽ കൈരേഖ പോലെ  ഓരോ കുണ്ടും കുഴിയും അവനു പരിചിതമായിരുന്നു. പാടത്ത് നിന്നടിക്കുന്ന നല്ല പടിഞ്ഞാറൻ കാറ്റ്. അവ്യക്തമായ ശബ്ദത്തിൽ നായ്ക്കളുടെ കുരയും കേൾക്കാം.മെമ്പറുടെ വീട്ടിൽ നിന്നാണെന്ന് തോന്നുന്നു. ഓർമ വെച്ചപ്പോ മുതൽ തോമാച്ചൻ തന്നെ ഈകരയിലെ മെമ്പർ. അങ്ങേർക്കും വീട്ടുകാർക്കും നല്ല പ്രയോജനം ഉണ്ടെന്നല്ലാതെ നാട്ടുകാർക്കു വലിയ മെച്ചമൊന്നുമില്ല. ഒരു വിപ്ലവം വന്നാലേ നാടു നന്നാകൂ. സമയം കിട്ടുന്നതനുസരിച്ച് പാർട്ടി ക്ലാസിനൊക്കെ പോകണം, വിശ്വൻ സഖാവു വന്നു രണ്ട് തവണയിടയ്ക്കു വിളിച്ചതാ. വീട്ടിലറിഞ്ഞാ പ്രശ്നമാകുമെന്ന് കരുതിയാ അനങ്ങാതെയിരിക്കുന്നത്. അപ്പനാണേൽ ലീഡറെന്ന് കേട്ടാൽ ചാകാൻ നടക്കുവാ., അതിനിടയ്ക്ക് താൻ പാർട്ടിയിൽ ചേരാൻ പോയെന്നെങ്ങാനും അറിഞ്ഞാലതു മതി വീട്ടീന്ന് പുറത്താക്കാൻ. എല്ലാം ബൂർഷ്വാകളു തന്നെ.

     പല മനോവിചാരത്തിൽ സൈക്കിളും ചവിട്ടി സുകു പാലത്തിനടുത്തെത്താറായി. സ്പീഡിൽ ചവിട്ടികേറിയാൽ പിന്നെ  വെറുതെയിരുന്നാൽ മതി., ഇറക്കം വിട്ടങ്ങു പോകാം. പാലത്തിന്റെ ഒത്തനടുക്കെത്തിയ സുകൂനു എന്താ സംഭവിച്ചതെന്നു പെട്ടെന്ന് മനസ്സിലായില്ല. ശക്തമായ ഒരു പിടുത്തം കഴുത്തിൽ. ആരോ പുറകോട്ട് പിടിച്ച് വലിക്കുന്നു.  ഒന്നു നിലവിളിക്കാനായി ശ്രമിച്ചെങ്കിലും ശബ്ദം തൊണ്ടയിൽ കുരുങ്ങിക്കിടന്നതല്ലാതെ പുറത്തേക്കു വന്നില്ല. വന്നതാകട്ടെ എലി കരയുന്നതു പോലൊരു ശബ്ദവും. ഒരു കൈ ഹാൻഡിലിൽ നിന്നെടുത്ത് കഴുത്തേലേ പിടുത്തം വിടീക്കാൻ ശ്രമിച്ചെങ്കിലും, പേടിയും പരിഭ്രമവും കൊണ്ട് നിമിഷങ്ങൾക്കുള്ളിൽ  സകല നിയന്ത്രണവും കയ്യീന്നു പോയി. സുകുവിന്റെ പൃഷ്ഠവുമായുള്ള ബന്ധം വിച്ഛേദിച്ച ശകടം പാലത്തിന്റെ ചെറുകൈവരിയിലുരഞ്ഞ് കവണേന്നു വിട്ട കല്ലിന്റെ വേഗതയിൽ നേരെ തോട്ടിലോട്ട്. അതേ നിമിഷം തന്നെ സുകുവും കൈവരിക്കു മുകളിലൂടെ തോട്ടിലേക്കെടുത്തെറിയപ്പെട്ടു. അലറാനുള്ള ശ്രമം ഇത്തവണ വിജയം കണ്ടു. ഭീകരമായ ഒരലർച്ചയോടെ ജലോപരിതലത്തിലേക്കും അവിടുന്നു അടിത്തട്ടിലേക്കും സുകു താഴ്ന്നു തുടങ്ങി. ജലയക്ഷിയെന്നു കേട്ടിട്ടെയുള്ളൂ സുകു. പുഴയുടെ അഗാധതയിലേക്ക് ആൾക്കാരെ വലിച്ചു കൊണ്ട്പോകുന്ന ജലയക്ഷി. വെള്ളത്തിലേക്കു പതിക്കവേ കഴുത്തിലെ പിടുത്തം അയഞ്ഞുവെങ്കിലും തോട്ടിന്നടിത്തട്ടിലേക്കു വലിച്ചിട്ട് തന്നെ കൊല്ലാനാണവളുടെ ശ്രമമെന്നു നിസ്സഹായതോടെ അവനു മനസ്സിലായി. നീന്താനറിയാവുന്ന അവന്റെ കൈകാലുകൾ ചലനമറ്റ പോലെ. മരണത്തിന്റെ കരാളഹസ്തങ്ങൾ തനിക്കു മേലെ വല്ലാത്തൊരു ആവേശത്തോടെ പിടിമുറുക്കുന്നു. ജീവിതത്തിന്റെ വർണ്ണങ്ങൾ കണ്ടു കൊതി തീർന്നിട്ടില്ല. സ്വാമീസിലെ മസാലദോശയും, വടക്കെപ്പറമ്പിലെ പന്തുകളിയും, ഊട്ടിക്കു പോകണമെന്ന ആഗ്രഹവും ഒക്കെ ഇവിടെ തീരുകയാണോ. കണ്ണിലും മനസ്സിലും ഇരുട്ടു വ്യാപിക്കുന്നു, മൂക്കിലൂടെയും വായിലൂടെയും ആമാശയത്തിലേക്കു തോട്ടിലെ വെള്ളവും.

     ശരീരത്തു ചുറ്റിപ്പിടിച്ച രണ്ടു കൈകൾ തന്നെ താഴേക്കു വലിക്കുകയാണോ, മുകളിലേക്കു പൊക്കുകയാണോ.... മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള അവസ്ഥയിൽ ഒന്നുമവനു വ്യക്തമായി മനസ്സിലായില്ല.
"ഇതു നമ്മുടെ സുകുവല്ലേ..."  അശരീരി പോലൊരു ശബ്ദം കാതുകളിൽ വന്നു വീണു.
     അപ്പോ ആളറിയാതെയാണോ കാലൻ തന്നെ പിടിച്ചത്, വെള്ളത്തിൽ തള്ളിയിട്ട് കൊന്നശേഷം കാലനു സംശയമോ. കണ്ണുകൾ വലിച്ചു തുറന്നപ്പോൾ അവ്യക്തമായി കണ്ട രണ്ടു രൂപം പതിയെ സ്ഥലകാല ബോധം വീണ്ടെടുത്തവനെ തോട്ടുവക്കത്തേക്കു തന്നെ കൊണ്ടു വന്നു.
"എങ്ങനാടാ തോട്ടിൽ വീണത്...?" കുട്ടപ്പന്റെ ശബ്ദം, കൂടെ മകനുമുണ്ട്., മീൻ വല വെക്കാനിറങ്ങിയതാണവർ.
"പ്രേതം..പ്രേതം...കഴുത്തേൽ പിടിച്ച്...വെള്ളത്തിൽ.." പാലത്തിലേക്കു കൈചൂണ്ടികൊണ്ട് സുകു പറഞ്ഞ വാക്കുകളിൽ നിന്നു കുട്ടപ്പനു കാര്യം മനസ്സിലായി.
     അത്ഭുതത്തോടെ കുട്ടപ്പനവന്റെ കഴുത്തിലേക്കു തന്റെ എവറഡി റ്റോർച്ചു മിന്നിച്ചു. കഴുത്തിലുള്ള മുറിവിലൂടെ രക്തം കിനിഞ്ഞു പടരുന്നു.
"പ്രേതമോ, എങ്കിലൊന്നു കാണണമല്ലോ...., നല്ലപ്രായത്തിൽ ഒരെണ്ണത്തിനെ കാണാൻ കിട്ടിയിട്ടില്ല..."
      രണ്ടും കൽപ്പിച്ചു കുട്ടപ്പൻ നനഞ്ഞു കുതിർന്ന മുണ്ടൊന്നു കൂടി ചുരുട്ടിക്കൂട്ടി അരയിലുറപ്പിച്ചു കൊണ്ട് പാലം ലക്ഷ്യമാക്കി തിരിഞ്ഞു.  കുട്ടപ്പന്റേയും മകന്റെയും പിന്നാലേ നനഞ്ഞകോഴിയെപ്പോലെ പാലത്തിലേക്കു സുകുവും നടന്നു കയറി. അരമണിക്കൂറോളം ആ മൂവർ സംഘം പാലത്തിൽ അരിച്ചു പെറുക്കിയിട്ടും സംശയം തോന്നിപ്പിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നിരാശയോടെ അതിലേറെ ആശ്ചര്യത്തോടെ സുകുവിന്റെ കഴുത്തിലേക്കും തോട്ടിലേക്കും മിഴിയെറിഞ്ഞു കുട്ടപ്പൻ അല്പനേരം കൂടെ പാലത്തിൽ നിന്നശേഷം തിരികെ പോകാനൊരുങ്ങി.
ആ സമയം ഓളങ്ങളടങ്ങി ശാന്തമായ തോട്ടിലെ വെള്ളത്തിലേക്ക് ഈ സംഭവത്തിനെല്ലാം  മൂകസാക്ഷിയായ  ടെലിഫോൺ കേബിൾ പതിയെ താഴ്ന്നു പൊയ്ക്കൊണ്ടേയിരുന്നു.......

വര... റിയാസ് ടി അലി..(വരിയും വരയും)

Tuesday, October 2, 2012

അവസാനത്തെ ബോട്ട്.....?

       ഉച്ചത്തിൽ നീട്ടിയുള്ള വിളി കേട്ടാണു മയക്കത്തിൽ നിന്നുണർന്നത്. ശബ്ദത്തിന്റെ മാധുര്യം കൊണ്ടുതന്നെ ആളെ മനസ്സിലായി, ആന്റപ്പൻ. ഇന്നെന്ത് തരികിടയും കൊണ്ടാണോ വരവ്. കഴിഞ്ഞ ആഴ്ച കപ്പ പൊക്കാൻ പോയതിന്റെ ക്ഷീണം ഇപ്പോഴുമുണ്ട്. രാഘവൻ മാഷിന്റെ  പുരയിടത്തിലെ പണിക്കാരോടിച്ചപ്പോൾ മുണ്ടും കയ്യിൽ ചുരുട്ടിപ്പിടിച്ചോടിയ ഓട്ടം മറക്കാറായിട്ടില്ല. ഇതെന്തു കുരിശാണോ, ചെന്നില്ലെങ്കിൽ ഇങ്ങോട്ട് കേറി വരും. സ്ഥാനം തെറ്റിക്കിടന്ന ഉടുമുണ്ട്  അരയിൽ ഉറപ്പിച്ച് കൊണ്ട് പുറത്തേക്കിറങ്ങി. ഒതുക്കുകല്ലിൽ ചന്തിയുറപ്പിച്ച് ആന്റപ്പൻ.

"എന്തൊരുറക്കാടാ തെണ്ടീ.., എത്ര വിളി വിളിച്ചു..നീയറിഞ്ഞില്ലേ കമലേൽ പടം മാറി., "

       പടം മാറിയെന്ന് കേട്ടപ്പോൾ തന്നെ അവനോടുള്ള ദേഷ്യം പകുതി പോയി. പടത്തിനു പോകുന്നത് ഞങ്ങളൊരുമിച്ച് തന്നെ. പടം മാറുന്ന അതേ ആഴ്ചയിൽ കണ്ടില്ലെങ്കിൽ വയറ്റീന്നു പോകാത്തതു പോലെയാണെന്നവൻ ഇടക്കിടക്ക് പറയാറുണ്ട്.

"വൈകിട്ട് ഞാൻ വരും , സെകന്റ് ഷോ കാണാം.." അവൻ നടന്നു കഴിഞ്ഞു.

       ആന്റപ്പനങ്ങനാ.,എന്തെങ്കിലും  ആലോചിച്ചുറപ്പിച്ച് വരും. കൂടെകൂടിക്കോണം. അല്ലെങ്കിൽ പുളിച്ചത് കേൾക്കേണ്ടി വരും. അവനെ പറഞ്ഞിട്ട് കാര്യമില്ല, രണ്ടു വയസ്സിനിളപ്പമാണെങ്കിലും ഇപ്പോഴെ സ്വന്തമായി അദ്ധ്വാനിച്ച് പണമുണ്ടാക്കാനായി അതി രാവിലെ മീഞ്ചന്തയിൽ കൊട്ടപിടിക്കാൻ പോകും. അവിടുത്തെ സംസാരശൈലിയും രീതിയും നല്ലോണമവനിലുണ്ട്. കൂടെ ചെല്ലാൻ വിളിക്കാറുണ്ടവൻ, അവിടുത്തെ നാറ്റം തീരെ പിടിക്കാത്തതു കൊണ്ടും ദുരഭിമാനം കൊണ്ടും ആ വഴിക്കു ചിന്തിച്ചില്ല.  ഇനിയെങ്കിലും എന്തെങ്കിലും പണിയെടുത്ത് ജീവിച്ചില്ലെങ്കിൽ ശരിയാവില്ല എന്നോർത്തിട്ടാ അടുത്തയാഴ്ച ചാക്കോച്ചായന്റെ വർക്ക്ഷോപ്പിൽ പണിക്കു ചെല്ലാമെന്ന് തീരുമാനിച്ചിരിക്കുന്നത്.

       ഏഴരമണിക്കു തന്നെ അവനെത്തി.  ചാരായത്തിന്റെ ഗന്ധമടിക്കുന്നുവോ എന്നു സംശയം.

      "എപ്പ തൊടങ്ങിയെടാ നിനക്കീ എടപാട്?" ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

     മറുപടി ഒരു ചിരിയിലൊതുക്കിയവൻ സൈക്കിളിൽ കേറാൻ തല കൊണ്ടാംഗ്യം കാണിച്ചു. നാട്ടുവഴി പിന്നിട്ട് ടാറിട്ട റോഡിലെക്കു. ശരപഞ്ജരത്തിലെ ജയന്റെ പോസ്റ്ററുകൾ മതിലിൽ നിറഞ്ഞിരിക്കുന്നു. പടമിന്നലെ വന്നതേയുള്ളൂ, തിരക്കുണ്ടാവും, എത്ര തിരക്കുണ്ടായാലും
ടിക്കറ്റെടുക്കാനവൻ മിടുക്കനാ. കരുതിയത് പോലെ ഒരുത്സവത്തിനുള്ള ആളൂകൾ, അതിനിടയിലൂടെ ഊളിയിട്ടവൻ ഇളം മഞ്ഞ കളറിലുള്ള രണ്ട് ടിക്കറ്റുമായെത്തി. ഇനിയുള്ള കാലം ജയൻ തന്നെ താരമെന്നുറപ്പിക്കുന്ന രീതിയിലോരോ സീനിനും കയ്യടി. തിരികെ വരുന്ന വഴിയും ആന്റപ്പൻ വാ തോരാതെ ജയനെന്ന താരത്തെ പുകഴ്ത്തിക്കൊണ്ടിരുന്നു. പകുതി ദൂരം ചെന്നപ്പോൾ പെട്ടെന്ന് ടയർ വെടിതീർന്ന പോലൊരു ശബ്ദം കേട്ടു.

       പൊട്ടൽ കേട്ടത് കേളു മുതലാളീടെ അംബാസ്സഡർ സ്റ്റാർട്ടാക്കിയതാണെന്നു മനസ്സിലാക്കാൻ നിമിഷങ്ങളെടുത്തു.  പകച്ച് നിന്ന തന്നോട് റേഡിയേറ്റർ തകരാറെത്രയും പെട്ടെന്നു നോക്കാൻ ചാക്കോച്ചായാൻ പറഞ്ഞപ്പോളാണു സ്ഥലകാലബോധം വീണത്.
ഒരു മണിയായോ ആവോ, വർക്ക്ഷോപ്പിലെ റേഡിയോയിൽ നിന്ന് കേൾക്കുന്നത് രഞ്ജിനിയിലെ പാട്ടുകളല്ലേ.. പൂമാനമേ.....മമ്മൂട്ടിയുടെ പുതിയ സിനിമയിലെ ഗാനം. ആന്റപ്പനെ വൈകിട്ടൊന്നു കാണണം. അമ്മച്ചിയുടെ പരാതി കേട്ടു മടുത്തു. പലദിവസങ്ങളിലും അവൻ വീട്ടിൽ ചെല്ലാറില്ല, ഷാപ്പിൽ തന്നെ ഉറക്കം. പെണ്ണു കെട്ടിച്ചാൽ മാറുമെന്നെല്ലാവരും കരുതി. രണ്ടു കുട്ടികളുമായി, കുറച്ചു നാളത്തേക്കു നല്ല പിള്ളയായെങ്കിലും ആന്റപ്പൻ വീണ്ടും പഴയ പടി. രണ്ടു തവണ പോട്ട ധ്യാനകേന്ദ്രത്തിൽ കൊണ്ട് പോയെങ്കിലും ഫലം തഥൈവ.

       വർക് ഷോപ്പിൽ നിന്നല്പം നേരത്തെയിറങ്ങി ആന്റപ്പനെ തപ്പിനടന്നു. ഹൈദറാലിക്കാന്റെ ചായക്കടയുടെ പിറകിൽ ഒരു ചീട്ടുകളി കൂട്ടമുണ്ട്. ഊഹം തെറ്റിയില്ല, കണ്ടതേ വെളുക്കേചിരിച്ച് കൊണ്ടടുത്തു വന്നു. സിനിമയ്ക്കു പോയാലോ, അവന്റെ ഓഫർ സ്നേഹപൂർവം നിരസിച്ചു കൊണ്ട് തോളത്ത് കൈയിട്ട് ജെട്ടിയിലെക്കു നടന്നു.എവിടെ തുടങ്ങണമെന്നറിയാതെ, പറയാനുദ്ദേശിച്ചത് മുഴുവൻ തൊണ്ടയിൽ തങ്ങി നിന്നു.

"എനിക്കറിയാടാ നീയെന്താ പറയാൻ വരുന്നതെന്ന്. ഇനിയധികമൊന്നുമില്ല. ചങ്കും മത്തങ്ങയുമൊക്കെ പോയെന്നെനിക്കറിയാം." 
ഒട്ടും കുറ്റബോധമില്ലാതെ അവന്റെ സംസാരം. 
"എന്താടാ നീയിങ്ങനെ, നീ വിചാരിച്ചാലിതൊക്കെ നിർത്താൻ പറ്റില്ലേടാ?" എന്റെ ചോദ്യത്തിൽ വേദന കലർന്നിരുന്നു.
 ചിരിച്ചുകൊണ്ട് ജെട്ടിയിൽ നിശ്ചലമായിക്കിടന്നിരുന്ന ബോട്ടിലെക്ക് നോക്കിയിരുന്നതല്ലാതെ അവനൊന്നും പറഞ്ഞില്ല. എന്തായിരുന്നു അവന്റെ മനസ്സിൽ,.  ശ്മശ്രുക്കൾ വളർന്ന അവന്റെ മുഖത്തെ ഭാവം നിരാശയുടേതായിരുന്നു. എത്ര നേരം അങ്ങനെയിരുന്നുവെന്നറിയില്ല.
" പോകാം," അവൻ പതിയെ പറഞ്ഞു. 
"ഇന്നെങ്കിലും നീ നേരത്തെ ചെല്ലുമോ" പ്രതീക്ഷയില്ലെങ്കിലും വേറുതെ ചോദിച്ചു. വിളറിയ ഒരു ചിരിയെനിക്ക് സമ്മാനിച്ച് കൊണ്ടവൻ തലയാട്ടി.
ഏഴുമണിയുടെ ബോട്ട് യാത്രയാകുന്നതിനുള്ള ഹോറൺ മുഴങ്ങി.

      ഹോണിന്റെ ശബ്ദം കേട്ട്  ചാരുകസേരയിൽ നിന്ന് തലപൊക്കി നോക്കിയപ്പോ കൊച്ചാപ്പിയുടെ ലൂണാ വേലിക്കരുകിൽ. ഒറ്റനോട്ടത്തിൽ തന്നെ അവന്റെ  മുഖത്തെ വേദന വായിച്ചെടുക്കാൻ തനിക്കായി. അച്ചുവേട്ടാ നമ്മുടെ ആന്റപ്പൻ.... കൊച്ചാപ്പിക്ക് മുഴുമിപ്പിക്കാനായില്ല...