Wednesday, November 28, 2012

പനിനീര്‍ പൂവ്.... ഒരു മരുഭൂമിക്കഥ.

ർമകളിലവൾ പട്ടുപാവാടയും ചന്ദനക്കുറിയുമിട്ട്....
തുമ്പിയെപ്പിടിച്ചും, മഷിത്തണ്ടൊടിച്ചും, അടിച്ചും തല്ലിയും വളർന്ന കുട്ടിക്കാലം..
എത്രപെട്ടെന്നാണു കാലചക്രം തിരിയുന്നത്.

        ആധാരമെഴുത്തുകാരൻ രാഘവപ്പണിക്കരുടെ രണ്ടാമത്തെ മകൾ ശാരി.
പ്രീഡിഗിക്കു ടൗണിലേ കോളേജിലേക്ക് പത്രാസ് കാണിച്ച് പോയ ശാരിയെ ലേശം കുശുമ്പോടെ നോക്കി നിന്നു . എന്താ പെണ്ണിന്റെ ജാട. പട്ടുപാവാടയിൽ നിന്ന് ദാവണിയിലെക്കുള്ള മാറ്റം പെട്ടെന്നായിരുന്നു. തമ്മിൽ കാണാനും സംസാരിക്കാനുമുള്ള അവസരങ്ങൾ കുറഞ്ഞു വന്നിട്ടും, സ്നേഹത്തിനൊരു കുറവുമുണ്ടായില്ല. ഹൃദയത്തിന്റെ പച്ചചില്ലയിൽ അവളൊരു കൂടുംകൂട്ടിയിരിപ്പ് തുടങ്ങി. സ്നേഹക്കൂട്. നാരായണേട്ടന്റെ ആലയിൽ പഴുപ്പിച്ച ഇരുമ്പിനെ കൂടം കൊണ്ടടിച്ച് പരുവപ്പെടുത്തുമ്പോൾ പോലും മനസ്സിൽ ശാരി മാത്രം. ഇടവഴികളിലെ കൊച്ചു വർത്തമാനങ്ങളിൽ, ദീപാരാധനയ്ക്കു തൊഴാൻ നിൽക്കുമ്പോൾ കണ്ണുകൾ തമ്മിൽ, മനസ്സുകൾ കൂടുതലടുക്കുകയായിരുന്നു.   മൂത്തവളുടെ കല്യാണം കഴിഞ്ഞതോടെ ശാരിയുടെ വിവാഹത്തിനായി സമ്മർദ്ദമേറുമെന്ന സത്യത്തിനു നേരെ മുഖം തിരിക്കാനായില്ല. പണം വല്ലാത്തൊരു നീറുന്ന ചോദ്യമായി മുന്നിലെത്തിയപ്പോഴാണു, സ്നേഹം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോകില്ലെന്ന തിരിച്ചറിവുണ്ടായത്.. കയ്യെത്താത്ത അകലത്തേക്കവളകന്നു പോകുന്നതൊഴിവാക്കാൻ പണം സമ്പാദിക്കണം. ജീവിതം കെട്ടിപ്പടുക്കണം. ഉറക്കമില്ലാത്ത രാവുകൾ. ആലയിലെ പണികൊണ്ട് മാത്രം എങ്ങുമെത്തുമാനാവില്ല. വഴികൾ പുതിയത് വെട്ടിത്തുറക്കണം.

   സർപ്പക്കാവിൽ വിളക്കു വെച്ചു മടങ്ങുന്ന ശാരിയുടെ മുഖത്ത് പതിവിലേറെ ശോണിമ പടർന്നിരുന്നു. വിറയാർന്ന ചുണ്ടുകളോടെ കടലു കടക്കാൻ തീരുമാനിച്ച കാര്യം പറയുമ്പോൾ,മിഴികളിൽ നിന്നുതിർന്നു വീണ മുത്തുമണികൾ കണ്ടില്ലെന്നു നടിക്കാനായില്ല. വിരൽത്തുമ്പാലവ തുടച്ചു മാറ്റിയിട്ട് പറഞ്ഞു.., ഞാൻ വരും, “രണ്ടേ രണ്ടു കൊല്ലം, സ്വന്തം കാലിൽ നിൽക്കാനുള്ള പണവുമായി ഞാനെത്തും. അതു വരെ...“ ഗദ്ഗദം മുഴുമിപ്പിക്കാനനുവദിച്ചില്ല. കരളു നുറുങ്ങുന്ന വേദനയുമായി പിന്തിരിഞ്ഞു നടന്നു.

       പറിച്ച് നടപ്പെട്ട ജീവിതം. കൊടുംചൂടിൽ പണിയെടുക്കുമ്പോഴും മനസ്സിനു കുളിർമയായി ആ മുഖം. ഒരേയൊരു ലക്ഷ്യം മാത്രം. പണം. അത് നേടിയെടുക്കാനുള്ള വ്യഗ്രത എന്തെല്ലാം ചെയ്യിച്ചു.  കോയാക്കായുടെ അഡ്രസിൽ വരുന്ന കത്തുകൾ. അതു മാത്രമായിരുന്നു അവളുടെ വിവരങ്ങൾ അറിയാനുള്ള വഴി. പോസ്റ്റ് ചെയ്തൊന്നര മാസം കഴിഞ്ഞു കയ്യിൽ കിട്ടിയ കത്ത്.,  കടലാസിൽ കടന്നൽ കൂടിയിളകിയതു പോലെ. തലച്ചോറിലേക്കൊരു മൂളലായി ആ സത്യം തുളഞ്ഞു കയറി.

       ഒരു വ്യാഴവട്ടം. എത്ര തവണ നാട്ടിൽ പോയി മടങ്ങി. ഒരിക്കലുമവളെ കാണാൻ കഴിഞ്ഞില്ല. അതിനായി ശ്രമിച്ചുമില്ല. പാലക്കാടുകാരൻ ഒരു സർക്കാരുദ്യോഗസ്ഥനുമായി വിവാഹം കഴിഞ്ഞുവെന്നതും, രണ്ടു കുട്ടികളായതും പലരിൽ നിന്നുമായി അറിഞ്ഞു. നന്നായി ജീവിക്കട്ടെ. മനസ്സ് നിറയെ നന്മ സൂക്ഷിച്ച് നടന്നിരുന്ന  ജീവിതവുമങ്ങനെ തന്നെ നന്മ നിറഞ്ഞതായിത്തീരട്ടെ. പ്രാർത്ഥന മാത്രം. രാഘവപ്പണിക്കരുടെ കാലവും കഴിഞ്ഞു. വീടും പറമ്പും വിറ്റുപെറുക്കി അങ്ങോരുടെ ഭാര്യ മൂത്തമോളുടെ അടുത്തേക്കും യാത്രയായി. ഇനി ഇങ്ങോട്ട് വന്നാലും ആരെക്കാണാൻ. പണ്ടോടി തിമിർത്ത് നടന്ന ചെമ്മണ്ണിടവഴികളൊക്കെ ടാറിട്ടു. കൈത്തോടുകൾക്കൊക്കെ വല്ലാത്തൊരു ക്ഷീണം. ഓരോ തവണ കാണുമ്പോഴും ഞാനിനി അധികമില്ലെന്ന് മൊഴിയുന്നത് പോലെ. കൊയ്ത്തും മെതിയുമൊക്കെ അസ്തമിച്ചിരിക്കുന്നു. വയലേലകളെ തഴുകിവരുന്ന പടിഞ്ഞാറൻ കാറ്റിനിയോർമ മാത്രം. നാട്ടുവർത്തമാനം പറഞ്ഞിരിക്കാറുള്ള കലുങ്കു വരെ അപ്രത്യക്ഷമായിരിക്കുന്നു. കൊഴിഞ്ഞകാലത്തിന്റെ തുരുമ്പിച്ച ഓർമകൾ മാത്രം ബാക്കി. ചിന്തകളെ മുറിച്ചുകൊണ്ടൊരു ഫോൺകോൾ.

        എല്ലാം മതിയാക്കണം. ഒരു മടക്കം, അനിവാര്യമായൊരു മടക്കം., നാടിനെക്കാൾ സ്വസ്ഥത ഇവിടെ ലഭിക്കുന്നുണ്ടൊരു തോന്നലിത്രയും കാലം പിടിച്ചു നിർത്തി. ബന്ധമുറപ്പിച്ച് നിർത്തുന്ന കണ്ണികളെന്ന് പറയാൻ ഇനിയാരുണ്ട് നാട്ടിൽ.
 അവധിക്കു പോയാൽ തന്നെ ആ ദിവസങ്ങൾ കഴിച്ചുകൂട്ടാൻ പെടുന്ന പാട്. സ്ഥിരം ആവലാതികൾ, പരാതികൾ.അമ്മയുണ്ടായിരുന്ന കാലം വരെ വിവാഹത്തിനായി നിർബന്ധിച്ചു. അത് മാത്രം സാധിച്ച് കൊടുക്കാൻ തനിക്ക് കഴിയുമായിരുന്നില്ലല്ലോ. ഇനിയതിനുമാളില്ല. ആരുമൊന്നിനും നിർബന്ധിക്കാനില്ല. വരുന്നവർക്ക് കൈനിറയെ എന്തെങ്കിലും കൊടുത്താലതുമായി അവർ പൊയ്ക്കൊള്ളും. എന്നിരുന്നാലും മടങ്ങിയേ തീരൂ. പുതിയൊരു പ്രൊജക്റ്റ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്, അതു കൂടെ തീർന്നു കഴിഞ്ഞാൽ, ഈ സ്വപ്നഭൂമിയോട് വിട പറയണം.

       കണ്ണാടിയിൽ നോക്കിയല്പനേരം നിന്നു. കാലം വല്ലാത്ത പോറലുകൾ വീഴ്ത്തിയിരിക്കുന്നു. മനസ്സിലും ശരീരത്തിലും. കഷണ്ടി കടന്നാക്രമണം തുടങ്ങിയിരിക്കുന്നു. അവിടവിടെയായി നരയും. ഡയബറ്റിസിന്റെ അസുഖമാണു വല്ലാതെ വലക്കുന്നത്. മരുന്നുകൾ കൃത്യമായി കഴിക്കുന്നത് കൊണ്ടൊരു പരിധിവരെ കുഴപ്പമില്ലാതെ പോകുന്നു.  സിസ്റ്റം തുറന്നതേ മെയിൽ ശ്രദ്ധയിൽ പെട്ടു. പതിനേഴാം തീയതി മുതൽ അടുത്ത സ്ഥലത്തേക്ക്.
പുതിയ പ്രൊജക്റ്റിന്റെ ഭാഗമായി കുറച്ചുള്ളിലേക്ക് മാറി കമ്പനി ഓഫീസ് തുറന്നു.   എല്ലാം ചിട്ടപ്പെടുത്താൻ സീനിയറായ താൻ തന്നെ നിയോഗിക്കപ്പെടുമെന്നുള്ളത് നേരത്തെ പ്രതീക്ഷിച്ചിരുന്നതു കൊണ്ടും, ആദ്യത്തെ അനുഭവമൊന്നുമല്ലാതിരുന്നത് കൊണ്ടും പ്രത്യേകിച്ച് വികാരമൊന്നും തോന്നാതെ യാത്രയായി. വിരസമായ ദിനങ്ങൾ. ഒരു ചെറിയ ഇരുനില കെട്ടിടം. അതിലൊരു മുറി. താമസസൗകര്യം അല്പം മാറി ഒരു ഫ്ലാറ്റിലും. കഷ്ടിച്ച് പതിനഞ്ചു മിനിറ്റ് ഡ്രൈവിങ്ങ് മാത്രം. ഓഫീസിനു പുറകിലെ മുറികളിലൊക്കെ വർക്കേർസിനെ വിതരണം ചെയ്യുന്ന ചെറിയ ചെറിയ ഏജൻസികളാണ്. പല നാട്ടുകാർ, പല വേഷക്കാർ., ഏജൻസി ഓഫീസുകളുടെ വാതിൽക്കൽ ചുമരു ചാരിയും, ചിലർ ബാൽക്കണിയിലുമൊക്കെയായി ഇരിക്കുന്നു. ഓരോ ദിവസവും മുഖങ്ങൾ മാറിവന്നു. എങ്ങോട്ടൊക്കെയോ യാത്രയാകുന്നു. സ്ത്രീകളാണു കൂടുതലും. വീട്ടുജോലിക്കാരെ എത്തിച്ചു കൊടുക്കുന്ന ബിസിനസിൽ തന്നെയാണാ ഏജൻസികൾ പ്രാമുഖ്യം കൊടുക്കുന്നതെന്ന് വ്യക്തം. ഏറ്റവും മുകളിലാണു ബാത് റൂം. അങ്ങോട്ടേക്ക് പോകണമെങ്കിൽ ഈ മുഖങ്ങളൊക്കെ താണ്ടിയേ പറ്റൂ. മരവിച്ച മുഖങ്ങൾ അലോസരം സൃഷ്ടിച്ചു കൊണ്ടേയിരുന്നു.

    ഇനിയൊരു വാരം കൂടെ.  പ്രൊജക്റ്റിന്റെ അവസാനഘട്ടത്തിലേക്കെത്തി. ജോലിക്കാരൊക്കെ ഉത്സാഹത്തിൽ. ഫോർമാനോട് അന്നു ചെയ്യേണ്ട കാര്യങ്ങളെകുറിച്ചൊക്കെ ബ്രീഫ് ചെയ്തു. കമ്പനിയിലേക്കു വിളിച്ച് ഫിനിഷ് ചെയ്തു പോകുന്ന കാര്യം ഒരിക്കൽ കൂടെ പറഞ്ഞുറപ്പിച്ചു.  സെറ്റിൽമെന്റൊക്കെ ഉടൻ തന്നെ ശരിയാക്കിത്തരാമെന്ന് മാനേജർ  പറഞ്ഞതോടെ, ഇനിയൊന്നും ചെയ്യാൻ ബാക്കിയില്ലാതെയായി.  ഈ മാസം അവസാനത്തേക്ക് തന്നെ ട്രാവത്സിലേക്കു വിളിച്ച് ടിക്കറ്റും ബുക്ക് ചെയ്തു. ഇനിയൊരു മടക്കമില്ലാത്ത യാത്ര. ഒരു ദീർഘനിശ്വാസത്തോടെ കസേരയിലേക്കു ചാഞ്ഞു.
“സർ. പോകവേണ്ടാമാ..“ തമിഴന്‍ ഡ്രൈവറുടെ ശബ്ദം കാതിൽ വീഴുമ്പോഴാണു കണ്ണുകൾ തുറന്നത്.
“ഒരു മിനിറ്റു. ഒന്ന് ബാത് റൂമിൽ പോയിട്ടിതാ എത്തി “. മെല്ലെ പടികൾ കയറി മുകളിലെത്തി. തിരികെ വരുംവഴി ഒരു നനഞ്ഞ തുണിക്കെട്ടു പോലൊരു രൂപം ചുവരിനോട് ചേർന്ന്. പതിവു കാഴ്ചയെന്ന് കരുതി മുഖം തിരിക്കവേ, ഒരു സംശയം, ഉള്ളിലുയർന്നൊരാന്തലോടെ ഒരിക്കൽ കൂടി നോക്കി. ശാരി. സപ്തനാഡികളും തളരുന്നത് പോലെ. ദൈവമേ.., പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ലേ. സുഖമായി ജീവിക്കുന്നു എന്നു കരുതി ഇത്രനാള്‍ . എങ്ങനെയിവിടെ, ചോദ്യങ്ങളൊക്കെ ബാക്കി വെച്ച് വിറയാര്‍ന്ന കരങ്ങള്‍ അവള്‍ക്കു നേരെനീട്ടി. ഒന്നുമുരിയാടാതെയെന്‍ മുഖത്തേക്കു നോക്കിയ അവളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിരയിളക്കം...