Saturday, March 23, 2013

സുഖാന്ധ്യം...

മദ്ധ്യാഹ്നത്തിൽ കണ്ണിനനുഭവപ്പെട്ടിരുന്ന വേദനയ്ക്കു തെല്ലു ശമനം തോന്നിയത് പോലെ. ഇരുളിൽ നിന്നു മെല്ലെ മോചനം നേടിവരുന്നുവെന്ന യാഥാർത്ഥ്യം  മനസ്സും ശരീരവും ഉൾക്കൊണ്ട് തുടങ്ങിയിരിക്കുന്നതേയുള്ളൂ. സ്പർശിച്ച് മാത്രം മനസ്സിലാക്കിയിരുന്നതൊക്കെ കണ്ട് മനസ്സിലാക്കി പഠിക്കണമെന്ന്  സേവ്യർ ഡോക്ടർ പറഞ്ഞത് അത്ഭുതത്തോടെയാണു ശ്രവിച്ചത്. കാണുന്നതിന്റെയൊന്നും പേരു മനസ്സിലേക്ക് വരുന്നതേയില്ല, സ്പർശനം തന്നെ ശരണം. പഴങ്ങളുടെയൊക്കെ പേരു പഠിച്ചത് പോലെ പതിയെ എല്ലാം പഠിക്കാമെന്നുള്ള സേവ്യർ ഡോക്ടറിന്റെ വാക്കുകൾ പകർന്നു തന്ന ആത്മവിശ്വാസം ചില്ലറയല്ല. 


ശസ്ത്രക്രിയ കഴിഞ്ഞു  ശ്രീഹരിയെ പയസ്ഗാർഡനിലേക്ക് മാറ്റിയത് സേവ്യർ ഡോക്ടറിന്റെ തീരുമാനമായിരുന്നു. അതൊരു ആശുപത്രിയാണെന്നവനൊരിക്കലും തോന്നിയിരുന്നില്ല. സ്വച്ഛന്ദമായ അന്തരീക്ഷം. ശലഭങ്ങൾ പാറിക്കളിക്കുന്ന പൂന്തോട്ടവും, നൃത്തം വെക്കുന്ന ജലധാരയും, വിവിധ നിറത്തിലുള്ള ചെടികളും, മനോഹരമായ പുൽത്തകിടിയും കൺകുളിർക്കെ കണ്ട് ഓരോ നിമിഷവും ശ്രീഹരി കാഴ്ചയുടെ ശീതളിമ ആസ്വദിക്കുകയായിരുന്നു. പുൽനാമ്പുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ജലകണികകൾക്ക് വരെ ഒരു കഥ പറയാനുണ്ടെന്ന് തോന്നി അവനു. തൊട്ടും തലോടിയും ശ്രവിച്ചും മാത്രം മുമ്പോട്ട്  പോയിരുന്ന അവന്റെ ജീവിതം കാഴ്ചയുടെ വിശാലതയിലേക്ക് മിഴിതുറന്നിരിക്കുന്നു. 

 ലോണിലൂടെ നടക്കുമ്പോൾ മനസ്സ് ആഹ്ലാദത്തിൽ തിരതള്ളുകയായിരുന്നു. നീണ്ട ഇരുപത്തി നാലു വർഷങ്ങൾ. വർണ്ണങ്ങളുടെ ലോകത്ത് നിന്ന് പടിയിറക്കപ്പെട്ട ജന്മമായി അലയാനായിരുന്നു വിധി. നിരാശയുടെ തീരാദുഖത്തിൽ നിന്നും, ഇക്കഴിഞ്ഞ വാരത്തിൽ കാഴ്ചയുടെ സൗന്ദര്യത്തിലേക്ക് മടങ്ങിവരാൻ കഴിഞ്ഞതിനു ആരോടൊക്കെയാണീശ്വരാ നന്ദി പറയേണ്ടത്. ഡോക്ടർ  പകർന്നു തന്ന ധൈര്യം, കൂട്ടുകാർ തന്ന ആത്മവിശ്വാസം.   *വൈറ്റ് കേനില്ലാതെയുള്ള നടത്തം ആസ്വദിച്ചു കൊണ്ടയാൾ ലോണിലൂടെ മെല്ലെ മുന്നോട്ട് നീങ്ങി.

അറ്റൻഡർ സുകുമാരന്റെ വിളി ശബ്ദം കാതിൽ വീഴവേ ശ്രീഹരി തിരിഞ്ഞു നോക്കി.
"മോൻ മഴവില്ലു കണ്ടിട്ടില്ലല്ലോ, വരൂ സുകുമാരൻ കാണിച്ച് തരാം." ലോണിന്റെ പടിഞ്ഞാറെ ഭാഗത്തേക്ക് കൈപിടിച്ച് വലിച്ച അയാളുടെ പിറകേ ശ്രീഹരി വേഗത്തിൽ നടന്നു നീങ്ങി.
"ദാ .. അതാണു മഴവിൽ.." ആകാശത്ത് വിരിഞ്ഞു നിൽക്കുന്ന വർണ്ണ വിസ്മയം. സപ്തവർണ്ണങ്ങളുടെ മായാജാലം കണ്മുന്നിൽ. വിടർന്ന മിഴികളിൽ സന്തോഷത്തിന്റെ പൂത്തിരികൾ മിന്നുന്നത് കണ്ട് സുകുമാരൻ പുഞ്ചിരിച്ചു.  "ഏറിയാൽ ഒരാഴ്ച കൂടെയല്ലേയുള്ളൂ മോനെ ഡിസ്ചാർജ്ജ് ചെയ്യാൻ. അതിനു ശേഷം കാണാനാഗ്രഹിക്കുന്നതൊക്കെ മനസ്സ് നിറച്ച് കാണാമല്ലോ." അതെ ഈ ലോകത്തെ കാഴ്ചകൾ മുഴുവൻ കാണണം. വർണ്ണങ്ങളെല്ലാം ആസ്വദിക്കണം,  ഇരമ്പൽ മാത്രം കേട്ടു പരിചയിച്ച കടലിനോട് മുഖാമുഖം നടത്തണം, അരയന്നങ്ങളൊഴുകി നീങ്ങുന്ന താമരപൊയ്കയരികത്ത് കുളിർകാറ്റേറ്റ് വൈകുന്നേരങ്ങളിൽ വിശ്രമിക്കണം,  ശ്രീ പത്മനാഭ സന്നിധിയിൽ പോയി തൊഴണം. ശ്രീഹരി ഒന്നൊന്നായി മനസ്സിൽ കുറിച്ചു. അതിരുകളില്ലാത്ത ലോകത്തിലേക്കൊരു പക്ഷിയെപ്പോലെ  പറക്കാനയാൾ കൊതിച്ചു.

"സൂര്യപ്രകാശമധികം കണ്ണിൽ നേരിട്ട് തട്ടാതെ ശ്രദ്ധിക്കണം, കണ്ണട കുറച്ച് നാളേയ്ക്ക് ഉപയോഗിച്ചേ മതിയാവൂ.. കണ്ണിനധികം സ്ട്രെയിൻ നൽകുന്ന ഒന്നും ചെയ്യരുത്.." സേവ്യർ ഡോക്ടറിന്റെ സ്നേഹസമൃണമായ ഉപദേശം ശ്രവിച്ചു കൊണ്ടനുസരണയുള്ള കുട്ടിയെപോലെ അയാളിരുന്നു. ഡോക്ടറുടെ മുറിയിൽ നിന്ന്, സാധനങ്ങൾ പായ്ക്ക് ചെയ്തു കൊണ്ടിരുന്ന സുകുമാരന്റെ സമീപത്തേക്ക് ശ്രീഹരിയെത്തി. "ഈ വടിയിനി മോനു വേണോ..?" വൈറ്റ്കെയിൻ ഉയർത്തിപിടിച്ച് കൊണ്ടയാളുടെ ചോദ്യം. തമസ്സിന്റെ ലോകത്ത് തനിക്ക് കൂട്ടായിരുന്ന ആ വടി ഉപേക്ഷിക്കാൻ ശ്രീഹരിയുടെ മനസ്സനുവദിച്ചില്ല. സാവധാനം അതും മടക്കി പെട്ടിയുടെ ഒരു ഭാഗത്ത് വെച്ചു. വെളുത്ത അംബാസ്സിഡർ കാർ പയസ് ഗാർഡന്റെ പോർച്ചിൽ എത്തുന്നത് വരെ അയാൾ ജനാലയ്ക്ക് വെളിയിലൂടെ പുറത്തേക്ക് മിഴികൾ പായിച്ചിരുന്നു.

ശക്തമായ ഒരു കുലുക്കമാണു ശ്രീഹരിയെ മയക്കത്തിൽ നിന്നുണർത്തിയത്. നിർത്തിയ കാറിനു പുറത്തൊരു ജനക്കൂട്ടം. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് കോപാകുലരായ ജനക്കൂട്ടം മുന്നോട്ട് നീങ്ങുകയാണു, ഉയർന്നു കണ്ട പ്ലാക്കാർഡുകളിൽ ഒരു പെൺകുട്ടിയുടെ ചിത്രം. രമ്യയുടെ കൊലപാതകിയെ അറസ്റ്റു ചെയ്യാൻ വൈകുന്നതിലുള്ള പ്രതിഷേധമാണു, ഡ്രൈവറുടെ വാക്കുകൾ അയാളുടെ കർണ്ണങ്ങളിലേക്ക് വീണു. സമീപത്തുകൂടെ പോകുന്ന റയിൽവേ ട്രാക്കിലേക്ക് മിഴികളെറിഞ്ഞ ശ്രീഹരിയുടെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി. ഫ്ലാറ്റിലെത്തുന്നത് വരെ പ്ലാക്കാർഡിൽ കണ്ട പെൺകുട്ടിയുടെ ചിത്രം അയാളുടെ മനസ്സിനെ മഥിച്ചു കൊണ്ടേയിരുന്നു.

ഫ്ലാറ്റിൽ ഏകാന്തത ഒരു ചിതല്പുറ്റു പോലെ വളർന്നു നിന്നു. ശീതികരിച്ച മുറിയുടെ നനുത്ത തണുപ്പിൽ നിന്നു പുറത്ത് കടന്ന അയാൾ ബാൽക്കണിയിലേക്ക് ഇറങ്ങി. വരണ്ട കാറ്റ് ശ്രീഹരിയെ ചുറ്റി കടന്നു പോയി.  ഒരു പ്രാവിന്റെ കുറുകൽ കേട്ടയാൾ മെല്ലെ തിരിഞ്ഞു നോക്കി. മിനുമിനുത്ത തൂവലോട് കൂടിയ ഒരു വെള്ളരിപ്രാവ്. ബാൽക്കണിയിൽ അവളെപ്പോൾ കൂടു കൂട്ടി. ശ്രീഹരിയെ തെല്ലും ഗൗനിക്കാതെ ബാൽക്കണിയുടെ കൈവരിയിൽ കയറി അവൾ ഇരുപ്പുറപ്പിച്ചു. പഞ്ഞിക്കെട്ടു   പോലെ രോമമുള്ള വെളുത്ത പൂച്ചയും, ആ പ്രാവുമായിരുന്നു ആ ദിനങ്ങളിൽ ശ്രീഹരിയുടെ ചങ്ങാതിമാർ.

അന്നു വൈകുന്നേരത്തെ കാഴ്ചകളാസ്വദിച്ചു കൊണ്ടയാൾ തെരുവിലൂടെ നീങ്ങി. ഇറച്ചിക്കടയുടെ മുന്നിൽ നല്ല തിരക്കപ്പോഴും ഉണ്ടായിരുന്നു. എതിരെ നടന്ന് വന്നുകൊണ്ടിരുന്ന ഒരമ്മയും ചെറിയ പെൺകുട്ടിയും. ആ കൊച്ചു പെൺകുട്ടി അയാളുടെ ശ്രദ്ധയാകർഷിച്ചു. എണ്ണമയം തീരെയില്ലാത്ത മുടി ചുവന്ന റിബണാൽ കെട്ടിവെച്ചിരിക്കുന്നു. അഴുക്കു പുരണ്ടതാണെങ്കിലും ഓമനത്തമുള്ള മുഖം.  ആ കുട്ടിയെ നോക്കി പുഞ്ചിരിച്ചു കൊണ്ടയാൾ മുന്നോട്ട് നീങ്ങി.  സന്ധ്യ മയങ്ങി തുടങ്ങി. ഒരു പൊതി കപ്പലണ്ടി വാങ്ങി കൊറിച്ചു കൊണ്ടല്പനേരം കൂടെ അയാൾ പാർക്കിലെ ബെഞ്ചിലിരുന്നു. കമിതാക്കളൊക്കെ അരങ്ങൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. നെറ്റിയിൽ വലിയ പൊട്ടു തൊട്ട സ്ത്രീ അടുത്ത് വന്നിരുന്നപ്പോൾ അയാൾ മെല്ലെയെഴുന്നേറ്റു. തിരികെ നടക്കവേ ആ കുട്ടിയുടെ മുഖം തിരഞ്ഞു കണ്ണുകൾ വൃഥായലഞ്ഞു.

നടത്തയവസാനിപ്പിച്ച് ഫ്ലാറ്റിലെത്തുമ്പോൾ ഇരുട്ടിത്തുടങ്ങി. വാതിൽ മെല്ലെത്തുറന്നകത്ത് കയറുമ്പോൾ മുറിയിലനുഭവപ്പെട്ട ഗന്ധം അയാളെ വല്ലാതെ ഭീതിപ്പെടുത്തി.  വെള്ളരിപ്രാവിന്റെ ദയനീയ കുറുകൽ കാതിൽ വീണതയാളുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കി. രക്തമിറ്റു വീഴുന്ന ഉടലോടെയവൾ. നാവിൽ പുരണ്ട ചോരയുമായി അടുത്തേക്കോടി വന്ന പൂച്ചയെ വെറുപ്പോടെ അയാൾ കാലുകൊണ്ട് തട്ടിയകറ്റി. വിങ്ങുന്ന മനസ്സോടെ വെള്ളരിപ്രാവിനടുത്തേക്ക് നടന്ന അയാളവിടെയാ പിഞ്ചുപെൺകുട്ടിയുടെ മുഖം കണ്ടു ഞെട്ടി പിന്മാറി. ചേതനയറ്റ ശരീരത്തിലുടനീളം നഖപ്പാടുകൾ. കയ്യിൽ പുരണ്ട ചോരയുടെ നിറമെന്തേ കറുപ്പായി.   കാഴ്ചയുടെ, സൗഭാഗ്യത്തിന്റെ, വർണ്ണങ്ങളുടെ ലോകത്തെ പഴിച്ചുകൊണ്ട് മുറിയുടെ മൂലേക്ക് നിരങ്ങി മാറിയിരുന്ന ശ്രീഹരിക്ക് തന്റെ കാഴ്ച മങ്ങിമങ്ങി ഇല്ലാതാകുന്നത് മനസ്സിലായി. ഇരുട്ടിനെ വീണ്ടും സ്നേഹിക്കാൻ പാകപ്പെടുത്തിയ മനസ്സുമായി  തന്റെ വൈറ്റ്കേനെവിടെയെന്ന് സന്തോഷത്തോടെ ചിന്തിച്ചു കൊണ്ടയാൾ മെല്ലെയെഴുന്നേറ്റു.


*വൈറ്റ് കേൻ...   കാഴ്ചയില്ലാത്തവർ ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം വടി.

സുഖാന്ധ്യം... അന്ധതയുടെ സുഖം.
 


Saturday, March 2, 2013

നിദ്രാനന്തരം.....


"പകലു മുഴുവൻ പോത്തു പോലെ കിടന്നൊറങ്ങീട്ട് രാത്രീലെറങ്ങുവാ.. " ഇറയത്ത് നിന്ന് രാധമ്മ ചിറി കോട്ടി.  "എന്റെ തലവിധി, ഇതുപോലൊരു മുതുകള്ളനെയാണല്ലോ ദൈവേ എന്റെ തലേൽ കെട്ടിവെച്ചത്.."  അവൾ നിർത്താനുള്ള ഭാവമില്ല.
ഇടതൂർന്ന മുടിയിലൂടെ അലസമായി വിരലു കോർത്തു കൊണ്ട് മണിയൻ വേലി കടന്ന് ഇടവഴിയിലേക്കിറങ്ങി.  ഈ കർക്കിടകത്തിൽ വറുതി തന്നെ. തുള്ളിക്കൊരു കുടം പെയ്യുന്ന മഴയൊന്നു തോർന്നിട്ട് വേണ്ടേ പുറത്തോട്ടിറങ്ങാൻ.   അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചിട്ടാ ഇന്നൊന്ന് തോർന്ന് കിട്ടിയത്. പലതുമാലോചിച്ച് മണിയൻ മുന്നോട്ട് നടന്നു.
കണ്ടത്തിന്റെ ഓരത്ത് കൂടെ നടക്കുമ്പോൾ വീശിയടിച്ച തണുത്ത കാറ്റ് ശരീരത്തെ തഴുകി കടന്ന് പോയപ്പോൾ ചെറിയ കുളിരു തോന്നി മണിയനു്.  കാലിനെ തൊട്ട് എന്തോ കടന്നു പോയി. നീർക്കോലിയോ ചേരയോ..നോക്കാൻ നിന്നില്ല. കണ്ടത്തിൽ നിന്ന് മാക്രികളുടെ ചെറിയ കരച്ചിൽ കേൾക്കാം. ഷാപ്പിലെ  ഗോവിന്ദേട്ടൻ കഴിഞ്ഞ ദിവസവും മാക്രിയെ പിടിച്ചോണ്ട് ചെല്ലാൻ പറഞ്ഞതാ, മെനക്കെട്ട പരിപാടി, വേറേ പണിയില്ല.
കണ്ടത്തീന്ന് തോട്ടിലോട്ട് തുറന്ന് വെച്ചിരിക്കുന്ന തൂമ്പിൽ അക്കരേലെ ദേവസ്സി കൂട് കൊണ്ട് വെക്കാറു പതിവാ. ഒന്നു പൊക്കി നോക്കീട്ട് തന്നെ കാര്യം. ചില സമയത്ത് നല്ല വരാലും, കാരിയുമൊക്കെ കുടുങ്ങിക്കിടക്കും. വെച്ചത് ദേവസ്സിയാണെങ്കിലും പൊക്കാൻ മണിയൻ വേണം.  രാവിലെ ചന്തയിലേക്ക് മീനും കൊണ്ട് ദേവസ്സീടെ മുന്നിലൂടെ പോകുമ്പോ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നാറുണ്ട് മണിയനു്.  കൂട് പൊക്കി നോക്കി പിറുപിറുക്കുന്ന ദേവസ്സിയുടെ മനസ്സിലെന്താവും? താനാണു പൊക്കുന്നതെന്നു് ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു പാവം.
തൂമ്പിനു സമീപം പതിയെ കുത്തിയിരുന്നു. ചുറ്റുപാടും ഒന്നു നോക്കി, എങ്ങും ഇരുട്ട് തന്നെ, ഒരു ബീഡിക്കുറ്റിയുടെ വെളിച്ചം പോലുമില്ല. ഈ സമയത്ത് കാലൻ പോലും ചുരുണ്ടു കൂടി കിടന്നുറക്കമായിരിക്കും. ആയാസപ്പെട്ട് കൂടു വലിച്ച് കരക്ക് കയറ്റി വെച്ച് ആകെയൊന്ന് പരതി നോക്കി. ഒരു പരൽക്കുഞ്ഞു പോലുമില്ല.  ഭഗവതീ, എന്തൊരു പരീക്ഷണം. ഇനിയെന്ത് ചെയ്യും? ഒരു തെങ്ങിൽ  കയറി രണ്ട് തേങ്ങയിടാൻ പോലും പറ്റില്ല. ആകെ വഴുക്കി കിടക്കുകയാവും മഴ പെയ്ത്. കള്ളക്കർക്കടക വികൃതികൾ.
 കയ്യിലെന്തെങ്കിലും ഇല്ലാതെ പെരേലോട്ട് കേറി ചെന്നാലവൾ ഒരു സമാധാനോം തരില്ല. ഇന്നലെയും മിനിയാന്നും ഇതേപോലെ തന്നെ, കാര്യമായി ഒന്നും തടഞ്ഞില്ല, വെറും കയ്യോടെ ചെല്ലേണ്ടെന്ന് കരുതി ഒരു മൂട് കപ്പ പൊക്കിക്കൊണ്ട് കൊടുത്തു.
ഇന്നുമെങ്ങനെ വീണ്ടും കപ്പ..??  പാലത്തിന്റെ മൂട്ടിലിരുന്ന് മണിയൻ അല്പ നേരം ചിന്തിച്ചു. സമയം രണ്ട് മണി കഴിഞ്ഞിരിക്കുന്നു, കുര്യച്ചനുറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഫലം തഥൈവ. എത്ര നാളായി മനസ്സമാധാനത്തോടെ ഒന്നുറങ്ങീട്ട്.
എതിർപാർട്ടിയുടെ മുഖപത്രത്തിലെ പ്രധാന വാർത്ത ഇന്നും അത് തന്നെ. കൂടെ നിൽക്കുന്നവർക്ക് വരെ സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. മോന്തക്കിട്ടൊന്ന് പൊട്ടിക്കാൻ തോന്നും ലവന്മാരുടെ പെരുമാറ്റം കാണുമ്പോൾ. ഒന്നു വീഴാൻ കാത്ത് നിൽക്കുകയാണു ചാടിക്കയറാൻ. നേതൃത്വം ഇനിയെപ്പോഴാണോ രാജിവെക്കാൻ പറയുക. തിരുനെല്ലിയിലെ തോട്ടത്തിനു് അഡ്വാൻസ് കൊടുത്തതേ ഉള്ളൂ. ഒന്നെഴുതിയെടുക്കുന്നത് വരെ ഈ പഞ്ചായത്തിന്റെ പ്രസിഡണ്ടായിട്ടിരുന്നേ മതിയാവൂ.
 രാവിലെ തന്നെ സത്യനേശനെയും കൂട്ടി പാലായ്ക്കൊന്ന് പോകണം. കൊച്ചൗസേപ്പിനെ കണ്ട് കാര്യങ്ങളൊക്കെ ഒന്നു കൂടി പറഞ്ഞുറപ്പിക്കണം. കുര്യച്ചൻ താഴേക്കു നോക്കി, മറിയാമ്മ പോത്ത് പോലെ കിടന്നുറങ്ങുന്നു. അവൾക്കൊണ്ടോ വല്ല ആധിയും. പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റ കുര്യച്ചൻ ഒച്ചയുണ്ടാക്കാതെ വരാന്തയിലേക്കിറങ്ങി. തെക്കു നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റ് ശരീരത്തെ തണുപ്പിക്കുന്നുവെങ്കിലും മനസ്സ് തണുപ്പിക്കാൻ പര്യാപ്തമായിരുന്നില്ല. വരാന്തയിലൂടെ കുര്യച്ചൻ ഉലാത്താൻ തുടങ്ങി. എവിടെയാണു പാളിയത്, എല്ലാം കഴിഞ്ഞിട്ടെത്ര വർഷമായി, എന്നിട്ടും ദുർഭൂതം പോലെ... ആരോടാണൊന്ന് മനസ്സ് തുറക്കുക.
 അവസാനത്തെ വലികൂടെ ആഞ്ഞു വലിച്ചിട്ട് ബീഡിക്കുറ്റി വിരലുകൾക്കിടയിൽ വെച്ച് ഒരു പ്രത്യേക രീതിയിൽ വെള്ളത്തിലേക്ക് തെറുപ്പിച്ചു വിട്ടിട്ട് മണിയനെഴുന്നേറ്റു. പരിപൂർണ്ണ നിശ്ശബ്ദതയെ ഭേദിച്ച് പേരറിയാത്ത ജീവികളുടെ ചില ശബ്ദങ്ങൾ മാത്രം ഇടയ്ക്കിടെ കേൾക്കാം. കാലുകൾ നീട്ടി വെച്ച് നല്ല വേഗത്തിൽ നടന്നു. പത്ത് മിനിറ്റു കൊണ്ടയാൾ കുര്യച്ചന്റെ വീടിനു പിന്നിലെത്തി. ആയാസപ്പെട്ട് മതില് ചാടി കുര്യച്ചന്റെ പറമ്പിലെത്തിയ മണിയൻ ഒരു ദീർഘനിശ്വാസം വിട്ടിട്ട് അടുക്കള വാതിൽ ലക്ഷ്യമാക്കി നീങ്ങി. പുറത്തൊന്നും ഒരു പാത്രം പോലും കാണാനില്ല. ഒരു അലുമിനിയം ബക്കറ്റെങ്കിലും തടഞ്ഞിരുന്നെങ്കിൽ ചളുക്കി വിൽക്കാമായിരുന്നു. അടുക്കള വാതിലിൽ തള്ളി നോക്കിയ മണിയനു നിരാശ രുചിക്കേണ്ടി വന്നു. പഴയ തടിയുടെ വാതിൽ, തള്ളി നോക്കീട്ട് ഒരനക്കവുമില്ല.
 കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നു. സമാന്യം വലുപ്പമുള്ള ഒരു ബക്കറ്റ്. അലുമിനിയത്തിന്റെ തന്നെ. ബക്കറ്റുമായി മുറ്റത്തേക്ക് നടന്ന മണിയന്റെ കണ്ണ് കൊച്ച് വരാന്തയിലിരുന്ന ഓട്ട് കിണ്ടിയിലുടക്കി. സന്തോഷത്തോടെ കിണ്ടിയെടുത്ത് ബക്കറ്റിലാക്കി ഗേറ്റ് ലക്ഷ്യമാക്കി നടന്ന മണിയനൊരു ഞരക്കം കേട്ട പോലെ. തിരിഞ്ഞു നോക്കിയ മണിയന്റെ കണ്ണിൽ തിണ്ണയിലെ ചാരു കസാലയിലൊരനക്കമാണു പെട്ടത്. ഓടാൻ തോന്നിയില്ല. അടുത്തേക്ക് ചെന്ന മണിയനു നെഞ്ചത്ത് കൈ വെച്ച് വെള്ളത്തിനായി കേഴുന്ന കുര്യച്ചനെ മനസ്സിലായി. നിമിഷനേരം കൊണ്ട് കിണറ്റിൽ നിന്ന് കിണ്ടി നിറയെ വെള്ളവുമായി മണിയൻ കുര്യച്ചന്റെ സമീപത്തെത്തി. തുറന്ന വായിലേക്ക് വെള്ളമിറ്റിച്ച് നെഞ്ച് പതിയെ തടവി കൊടുത്തു. തെല്ലൊരാശ്വാസത്തോടെ, നന്ദിയോടെ മണിയനു നേരെ മിഴികൾ പായിച്ചു കുര്യച്ചൻ. വീട്ടുകാരെ വിളിക്കാനാഞ്ഞ മണിയനെ കയ്യുയർത്തി തടഞ്ഞു. പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചപ്പോൾ പോകാതെയിരിക്കാൻ മണിയനു കഴിഞ്ഞില്ല.
 വീടിനു പുറത്തിറങ്ങിയ മണിയൻ കയ്യിലിരുന്ന ഓട്ട് കിണ്ടിയെടുത്ത് വീടിനു നേരേ വലിച്ചെറിഞ്ഞു. മേൽക്കൂരയിൽ തട്ടി താഴേക്ക്  വീണ ഓട്ട് കിണ്ടി നല്ല ശബ്ദം തന്നെയുണ്ടാക്കി. വിളക്കുകൾ തെളിയുന്നതും, കരച്ചിലും വിളിയും അകമ്പടിയായി വരുന്നതും അവിടെ നിന്നു മണിയൻ കണ്ടു.
 മഴമാറി നിന്ന ഒരു പകൽ. ചായ്പിലെ കയറു കട്ടിലിൽ ചുരുണ്ടുകൂടി കിടന്നിരുന്ന മണിയൻ വിളികേട്ടെഴുന്നേറ്റു. തല ചൊറിഞ്ഞു പുറത്ത് വന്ന അയാൾ, പ്രസിഡണ്ടിനെ കണ്ട് ചെറുതായൊന്നു ചൂളി. രാധമ്മ കൊടുത്ത കട്ടൻ കാപ്പി മെല്ലെ കുര്യച്ചൻ ഊതിക്കുടിച്ചു. കുശലാന്വേഷണങ്ങൾക്കും നന്ദി പറച്ചിലിനും ശേഷം കുര്യച്ചൻ പോകാനിറങ്ങവേ മണിയനെ അടുത്തേക്ക് വിളിച്ച് തോളിൽ കയ്യിട്ട് വേലിക്കരുകിലേക്ക് നടന്നു.
 "എന്ത് തെറ്റു ചെയ്താലും പിടിക്കപ്പെടരുതെന്നാണു നമ്മുടെയൊക്കെ ആഗ്രഹം. പിടിക്കപ്പെടുന്ന തെറ്റുകൾക്കു നമ്മൾ കൊടുക്കേണ്ടി വരുന്ന വില നിർണ്ണയിക്കാനാവില്ല. ഞാനണിഞ്ഞിരിക്കുന്ന ഈ പൊയ്മുഖം ഇനി കൊണ്ടുനടക്കാൻ എനിക്ക് വയ്യ മണിയാ. ഇങ്ങനെയൊരു തീരുമാനം എടുത്തപ്പോഴേ ആദ്യം അറിയിക്കാൻ തോന്നിയത് നിന്നെയാ. ഞാനിറങ്ങട്ടെ മണിയാ..."
 പത്രത്താളുകളിൽ കണ്ട് മാത്രം പരിചയമുള്ള ചില മുഖങ്ങൾ കരച്ചിലടക്കാൻ വയ്യാതെ തന്റെ ചുറ്റിനും വട്ടമിടുന്നതായി മണിയനു തോന്നി. ആ തണുത്ത പകലിലും മണിയൻ വിയർത്തു. രാധമ്മയുടെ നോട്ടത്തിനു മറുപടി കൊടുക്കാതെ വീണ്ടും കയറു കട്ടിലിലേക്ക് ചുരുണ്ട്കൂടി, ഉടുത്തിരുന്ന മുണ്ട് പറിച്ച് തലവഴി മൂടി മണിയൻ  ഉറങ്ങാൻ ശ്രമിച്ചു.ഫെബ്രുവരി ലക്കം ഇ മഷി മാഗസിനിൽ പ്രസിദ്ധീകരിച്ച കഥ.
www.emashi.blogspot.com