Monday, June 10, 2013

മഴക്കുഴികൾ ഇല്ലാതെയാകുന്നത്.....

       

ഇന്നലെ മുതൽ കാലവർഷം തകർത്താടുകയാണ്. കറുത്തിരുണ്ടു കിടക്കുന്ന മാനം പോലെ തന്നെ കരുവാളിച്ച മുഖ ഭാവത്തോടെ ഔത പൂമുഖത്തെ ചാരു കസേരയിൽ മലർന്നു കിടക്കുന്നു. തകർത്തു പെയ്യുന്ന മഴയിൽ, പുറത്തേക്കൊന്നിറങ്ങാൻ നിർവാഹമില്ലാത്തതിന്റെ എല്ലാ വിഷമവും അയാളുടെ മുഖത്ത് ദൃശ്യമാകുന്നുണ്ട്. കഴിഞ്ഞ തവണത്തെ മഴ വരുത്തിയ നാശങ്ങൾ ചില്ലറയല്ല. ഉരുൾ പൊട്ടലും, മലയിടിയലും കൃഷി നാശവും! ഇത്തവണ ഇതെന്തിനുള്ള പുറപ്പാടാണോ! ചുരുട്ടു വലിച്ചു ചെമ്പൻ നിറത്തിലേക്ക് മാറിത്തുടങ്ങിയ കപ്പടാ മീശ ചെറുതായി ഒന്നു വിറച്ചു. അപ്പന്റെ വിരലും പിടിച്ച് മല ചവിട്ടിയതാണ് ഔത... കയ്യേറിയും വെട്ടിപ്പിടിച്ചും അല്പം ഭൂമി ഉണ്ടാക്കി; പട്ടയവും ആധാരവുമായി രേഖകളും. അപ്പന്റെ കാലത്തെ പോലെ തന്നെ കഠിനമായി അദ്ധ്വാനിച്ച് ഇക്കണ്ടതൊക്കെ പരുവമാക്കി. റബ്ബറും ഏലവും, അല്പം കുരുമുളകും. മനസ്സിൽ തീമഴയായി പെയ്യുന്ന ഓരോ മഴയും വിതച്ചു പോകുന്ന നാശനഷ്ടങ്ങൾ ചില്ലറയല്ല. കഴിഞ്ഞതവണ മലയിടിഞ്ഞു കൃഷി നശിച്ചതിന്റെ നഷ്ടം ഇത്തവണ റബ്ബറിലൂടെയാണ് കുറച്ചെങ്കിലുമൊന്ന് നികത്തിയത്.

"എടാ മൈ....ക്കിളേ....."

അപ്പന്റെ ദേഷ്യത്തിലുള്ള വിളി കേട്ട്, അകത്തെ മുറിയിൽ കമഴ്ന്നു കിടന്നു ചെറിയ പുസ്തകം വായിച്ചു കൊണ്ടിരുന്ന മൈക്കിൾ, പെട്ടെന്നു തന്നെ പുസ്തകം തലയണക്കടിയിൽ പൂഴ്ത്തി, കൈലി വാരിക്കുത്തി പുറത്തേക്കോടി വന്നു. "തണുപ്പും പിടിച്ച് ഈ അപ്പൻ..." അവനു പിറുപിറുക്കാതിരിക്കാനായില്ല.

"നീയാ കൂന്താലിയെടുത്ത് മഴക്കുഴിയിലേക്കുള്ള പാത്തിയൊക്കെ നേരെയാക്കിയിട്."   
നാലു മഴക്കുഴികളുണ്ട് തോട്ടത്തിൽ - പെയ്തു വരുന്ന വെള്ളം നേരേ കുഴിയിലോട്ട് എത്തിക്കുന്ന സൂത്രം ഔതയുടെ അപ്പന്റെ കാലം മുതലേ ഉള്ളതാണ്. മൈക്കിൾ പിറുപിറുത്തു കൊണ്ട് കൂന്താലിയും, പാളത്തൊപ്പിയും എടുത്തു കൊണ്ട് തോട്ടത്തിലേക്കു നടന്നു. "നശിച്ച മഴ! എത്ര പെയ്താലും മതിവരാത്ത നാശം പിടിച്ച മഴ!" മനസ്സിൽ തോന്നിയതൊക്കെ മഴയെ പ്രാകി പറഞ്ഞു കൊണ്ടവൻ പാത്തി വൃത്തിയാക്കിത്തുടങ്ങി. അസ്വസ്ഥമായ മനസ്സോടെ ഔത വീണ്ടും ചാരുകസേരയിലേക്ക് ചാഞ്ഞു കണ്ണുകൾ മെല്ലെയടച്ചു.


                                 **************************


        "ഇന്നെങ്കിലും ഈ പേപ്പറൊക്കെ ഒന്നു ശരിയാക്കികിട്ടിയാൽ 
മതിയാരുന്നു."  മൂത്തവൻ ജോസുകുട്ടിയുടെ ബൈക്കിൽ വില്ലേജാഫീസിന്റെ പടിക്കൽ വന്നിറങ്ങുമ്പോ മൈക്കിളിന്റെ മനസ്സിൽ ആ പ്രാർത്ഥന ഒന്നു മാത്രമായിരുന്നു. ജോസുകുട്ടിയോട് പൊയ്ക്കൊള്ളാൻ പറഞ്ഞിട്ട് മൈക്കിള്‍ അകത്തേക്ക് നടന്നു.

"എന്താ മൈക്കിളേ ഇവിടെ...?" രാഘവൻ മാഷാണ്. ആകെ പ്രായമായിരിക്കുന്നുവെങ്കിലും കാഴ്ചക്കൊന്നും ഒരു കുറവുമില്ല. 
"ഒന്നൂല്ല മാഷേ, ഒരു പേപ്പർ ശരിയാക്കാനുണ്ടാരുന്നു.." 
"പേപ്പറോ, എന്ത് പേപ്പറു്...?" 
"അത് പിന്നെ, അപ്പൻ മരിക്കുന്ന സമയത്ത് സ്ഥലമൊക്കെ ഞങ്ങളാറു മക്കൾക്കും കൂടെ പകുത്ത് തന്നില്ലാരുന്നോ, " 
"ഉവ്വ്, അവിടെയാണല്ലോ നീയിപ്പോ പെര വെച്ച് താമസിക്കുന്നത്." 
"അതെ, ആ എൺപത് സെന്റിന്റെ കിഴക്കേ ഭാഗത്തുള്ള മുപ്പത് സെന്റങ്ങ് വിൽക്കാമെന്ന് കരുതിയാ. അവിടുത്തെ ആ ചെറിയ കുന്നൊന്നു നിരത്താൻ ജെസിബി യ്ക്ക് സാങ്ക്ഷൻ വാങ്ങാനാ.." 
"അതെന്തിനാ നീയത് വിൽക്കാൻ നിക്കുന്നേ....?" 
"അല്പം കാശിനാവശ്യം പെട്ടെന്ന് വന്നു മാഷേ, ഇളയവനെ ബാംഗ്ലൂരു വിട്ട് ഡോക്ടറാക്കാനാ....എങ്കിൽ ഞാൻ അങ്ങോട്ട് നിൽക്കട്ടെ മാഷേ..." മൈക്കിൾ ഓഫീസനകത്തേക്കു നടന്നു.

"എങ്ങനെ മണ്ണിൽ പണിയെടുത്ത് കുടുംബം നടത്തിയ ഔതച്ചന്റെ മകനാ! കാരിരുമ്പിന്റെ കരുത്തോടെ മണ്ണിനോട് മല്ലടിച്ച ഔതയുടെ പിന്മുറക്കാർ. ഇപ്പോ മണ്ണിടിക്കാൻ നടക്കുന്നു! " ചുട്ടു പൊള്ളുന്ന വെയിലിനെതിരെ കാലൻ കുട നിവർത്തവേ രാഘവൻ മാഷ് ചിന്തിച്ചു. 
വില്ലേജാഫീസിന്റെ വാതിൽക്കൽത്തന്നെയുള്ള മാടക്കടയിൽ 
കെട്ടിത്തൂക്കിയിട്ടിരിക്കുന്ന വെള്ളത്തിന്റെ പ്ലാസ്റ്റിക് കുപ്പിയിലേക്ക്
മാഷ് കൈനീട്ടി. മുപ്പത്തിരണ്ട് രൂപ എണ്ണിക്കൊടുത്തു കൊണ്ട് മാഷ്
വെള്ളവുമായി വെയിറ്റിംഗ് ഷെഡിലേക്ക് നടന്നു.

"എന്തായി പോയ കാര്യം....?" ഉടുത്തിരുന്ന ചട്ടയിൽ കയ്യും തുടച്ചുകൊണ്ട് പുറത്തേക്ക് വന്ന ശോശക്കുട്ടി വിയർത്തു കുളിച്ച് പരവശനായി കയറിവന്ന മൈക്കിളിനെ കണ്ട് വല്ലാതെയായി.

നെറ്റിയിലെ വിയർപ്പ് കൈവിരലാൽ തൂത്തെറിഞ്ഞു കൊണ്ട് മൈക്കിൾ പറഞ്ഞു:  
"ഹും, ഒന്നുമായില്ല, പരിസ്ഥിതിവാദികൾ കൊടിപിടിക്കുമത്രേ. ഇതിപ്പോ വിക്കാതെ നിന്ന നിൽപ്പിൽ ഏഴുലക്ഷം ഞാനെവിടുന്നുണ്ടാക്കാനാ? ഇനിയിപ്പോ പത്ത് പുത്തൻ
പാർട്ടിക്കാർക്ക് കൊടുത്തായാലും വേണ്ടീല്ല." 
"അതെ, മലനാട് പാർട്ടിയിലെ ജോയിച്ചൻ വിചാരിച്ചാൽ നടക്കും. ഒറപ്പാ.. " ശോശക്കുട്ടി തറപ്പിച്ച് പറഞ്ഞു. 
"ഉം, ഇനി നാളെയാവട്ടെ, നല്ല ക്ഷീണം, ഒന്നു കിടക്കട്ടെ.."


        അപ്പന്റെ ചാരുകസേര ഇപ്പോഴും പൊന്നു പോലെ മൈക്കിൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. പോളീഷൊക്കെ ചെയ്ത്, കാലാകാലം തുണിയും വടിയുമൊക്കെ മാറ്റി, ഇപ്പോഴും പുത്തനായിത്തന്നെ സൂക്ഷിച്ച് വെച്ചിരിക്കുന്നു. അതിൽ കിടക്കുമ്പോൾ അപ്പന്റെ സാന്നിദ്ധ്യവും ചുരുട്ടിന്റെ മണവും മൈക്കിളിനു അനുഭവിക്കാൻ
സാധിക്കാറുണ്ട്. 
"നാളെ ജോയിച്ചനെ കാണാൻ പോകണം. കാലുപിടിച്ചിട്ടാണെങ്കിലും സാംഗ്ഷൻ വാങ്ങിയെടുക്കണം."  ഓരോന്നാലോചിച്ച് മൈക്കിള്‍ ആ കസേരയിൽ കിടന്നു.

               
        "ഹോ, ഈ ജൂലൈ മാസത്തിലും എന്തൊരു ചൂടാണിത്.." ചൂടിനെ മനസ്സു നിറഞ്ഞു ശപിച്ച് കൊണ്ട് ജെസിബിയുടെ ഡ്രൈവര്‍  അയാളുടെ കാബിനിലേക്ക് കയറി. പണ്ട് ഈ കുന്നിനു സമീപത്തായി മഴക്കുഴിയുണ്ടായിരുന്ന കാര്യം മൈക്കിള്‍ ഓര്‍മിച്ചു. കാലം വളരെ മുന്നോട്ട് പോയിരിക്കുന്നു. തുള്ളിക്കൊരു കുടം പെയ്ത മഴയിന്നെവിടെ? ഇടവപ്പാതിയും കർക്കട മഴയും വഴിമറന്ന് എങ്ങോ പോയിരിക്കുന്നു. മഴനനഞ്ഞിനി എന്ന് നടക്കാനാകും. വെറുതേ മാനത്തേക്കൊന്നു നോക്കി മൈക്കിൾ നെടുവീർപ്പിട്ടു.

           ജെ സി ബിയുടെ യന്ത്രപ്പല്ലുകൾ മണ്ണിലേക്കാഴ്ന്നിറങ്ങുന്നത് നിർവ്വികാരതയോടെ മൈക്കിൾ വീക്ഷിച്ചു കൊണ്ട് നിന്നു. യന്ത്രക്കൈയാൽ വാരിക്കൂട്ടിയിടുന്ന മണ്ണു കൊണ്ടു പോകാനുള്ള ടിപ്പർ  വിളിക്കാനായി ഫോണെടുത്ത് വളരെ സാവധാനം മൈക്കിൾ മുന്നോട്ട് നടന്നു. നമ്പർ ഡയൽ ചെയ്തു  മുന്നോട്ട് നടന്ന അയാൾ ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കി. വന്യമായി മുരണ്ടുകൊണ്ടിരുന്ന യന്ത്രഭീകരനെ അയാൾക്കപ്പോഴവിടെ ദൃശ്യമായില്ല. പകരം ഉയർന്നു പൊങ്ങുന്ന
ചെമ്മണ്ണ്. കട്ട പിടിച്ച പൊടി തെല്ലൊന്നൊതുങ്ങവേ  കണ്മുന്നിൽ പരന്നു
കിടക്കുന്ന മരുഭൂമി കണ്ടയാൾ ഞെട്ടി! നാസാരന്ധ്രങ്ങളിലേക്ക് തുളഞ്ഞു കയറിയ മണ്ണിന്റെ ഗന്ധം തലച്ചോറിനെ രണ്ടായി പിളർത്തിയതു പോലെ തോന്നി.   ഭീതിയോടെ പിന്തിരിഞ്ഞു നടക്കാനാഞ്ഞ അയാളുടെ പാദങ്ങൾക്കു മുന്നിൽ അപ്പന്റെ മുഖം തെളിഞ്ഞു വന്നു. ഒരിറ്റു വെള്ളത്തിനായി കേഴുന്ന ഔതയുടെ വിറയ്ക്കുന്ന  ചുണ്ടുകൾ! പെട്ടെന്നവ പഴയ മഴക്കുഴിയായി രൂപാന്തരം പ്രാപിക്കുന്നത് ഭീതിയോടെ മൈക്കിൾ നോക്കി നിന്നു. ആ ചുണ്ടുകൾക്കിടയിലേക്ക് മലവെള്ളം കുത്തിയൊലിച്ച് വരുന്നതുപോലെ പൂഴിമണൽ വന്നു വീണുകൊണ്ടിരുന്നു.  തളർച്ചയോടെ മണ്ണിലേക്ക് മുട്ടുകുത്തിയിരുന്ന അയാളുടെ തൊണ്ട വരണ്ടു. വേദനയോടെ ജോസുകുട്ടിയെ വിളിക്കാൻ ശ്രമിച്ച മൈക്കിളിന്റെ
ശബ്ദം കണ്ഠത്തിൽ കുരുങ്ങുന്നത് നിസ്സഹായതയോടെ അയാളറിഞ്ഞു. നാവു നനയ്ക്കാനൊരിറ്റു ദാഹജലത്തിനായി മൈക്കിൾ ആകാശത്തേക്ക് ദയനീയമായി നോക്കി. പെയ്യില്ലെന്ന്  ശഠിച്ചു നിന്ന മഴ മേഘങ്ങൾ കനിവ് കാട്ടിയത് പോലെ! ഒന്നുരണ്ടു തുള്ളികൾ മൈക്കിളിന്റെ ശരീരത്തിലേക്ക് പതിച്ചതയാൾ തെല്ലൊരാശ്വസത്തോടെ അറിഞ്ഞു. ചെറു തുള്ളികൾ ശക്തി പ്രാപിക്കുന്നതും ഉടലിനെയാകെ തണുപ്പിക്കുന്നതും തെല്ലൊരു കുളിരോടെ മൈക്കിളനുഭവിച്ചു. നിർവൃതിയോടെ  കണ്ണുകളയാൾ ഇറുക്കിയടച്ചു.

ഡ്രൈവറുടെ ഉച്ചത്തിലുള്ള വിളി കേട്ട് ഓടി വന്ന ജോസുകുട്ടി, ദേഹമാകെ പൊടിയിൽ മുങ്ങി കിടക്കുന്ന അപ്പന്റെ  രൂപം കണ്ടു
സ്തബ്ധനായി.  കൈത്തണ്ടയിൽ അപ്പനെ കോരിയെടുക്കുമ്പോൾ, വാടിയ ചേനത്തണ്ടു പോലെ കിടന്ന മൈക്കിളിന്റെ ശരീരത്തിനു മഞ്ഞുകട്ടയുടെ തണുപ്പായിരുന്നു!



വര ... കാർട്ടൂണിസ്റ്റ് ഷാജി മാത്യൂ.

ജൂൺലക്കം ഇമഷി ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിച്ച കഥ

www.emashi.blogspot.in