Tuesday, October 2, 2012

അവസാനത്തെ ബോട്ട്.....?

       ഉച്ചത്തിൽ നീട്ടിയുള്ള വിളി കേട്ടാണു മയക്കത്തിൽ നിന്നുണർന്നത്. ശബ്ദത്തിന്റെ മാധുര്യം കൊണ്ടുതന്നെ ആളെ മനസ്സിലായി, ആന്റപ്പൻ. ഇന്നെന്ത് തരികിടയും കൊണ്ടാണോ വരവ്. കഴിഞ്ഞ ആഴ്ച കപ്പ പൊക്കാൻ പോയതിന്റെ ക്ഷീണം ഇപ്പോഴുമുണ്ട്. രാഘവൻ മാഷിന്റെ  പുരയിടത്തിലെ പണിക്കാരോടിച്ചപ്പോൾ മുണ്ടും കയ്യിൽ ചുരുട്ടിപ്പിടിച്ചോടിയ ഓട്ടം മറക്കാറായിട്ടില്ല. ഇതെന്തു കുരിശാണോ, ചെന്നില്ലെങ്കിൽ ഇങ്ങോട്ട് കേറി വരും. സ്ഥാനം തെറ്റിക്കിടന്ന ഉടുമുണ്ട്  അരയിൽ ഉറപ്പിച്ച് കൊണ്ട് പുറത്തേക്കിറങ്ങി. ഒതുക്കുകല്ലിൽ ചന്തിയുറപ്പിച്ച് ആന്റപ്പൻ.

"എന്തൊരുറക്കാടാ തെണ്ടീ.., എത്ര വിളി വിളിച്ചു..നീയറിഞ്ഞില്ലേ കമലേൽ പടം മാറി., "

       പടം മാറിയെന്ന് കേട്ടപ്പോൾ തന്നെ അവനോടുള്ള ദേഷ്യം പകുതി പോയി. പടത്തിനു പോകുന്നത് ഞങ്ങളൊരുമിച്ച് തന്നെ. പടം മാറുന്ന അതേ ആഴ്ചയിൽ കണ്ടില്ലെങ്കിൽ വയറ്റീന്നു പോകാത്തതു പോലെയാണെന്നവൻ ഇടക്കിടക്ക് പറയാറുണ്ട്.

"വൈകിട്ട് ഞാൻ വരും , സെകന്റ് ഷോ കാണാം.." അവൻ നടന്നു കഴിഞ്ഞു.

       ആന്റപ്പനങ്ങനാ.,എന്തെങ്കിലും  ആലോചിച്ചുറപ്പിച്ച് വരും. കൂടെകൂടിക്കോണം. അല്ലെങ്കിൽ പുളിച്ചത് കേൾക്കേണ്ടി വരും. അവനെ പറഞ്ഞിട്ട് കാര്യമില്ല, രണ്ടു വയസ്സിനിളപ്പമാണെങ്കിലും ഇപ്പോഴെ സ്വന്തമായി അദ്ധ്വാനിച്ച് പണമുണ്ടാക്കാനായി അതി രാവിലെ മീഞ്ചന്തയിൽ കൊട്ടപിടിക്കാൻ പോകും. അവിടുത്തെ സംസാരശൈലിയും രീതിയും നല്ലോണമവനിലുണ്ട്. കൂടെ ചെല്ലാൻ വിളിക്കാറുണ്ടവൻ, അവിടുത്തെ നാറ്റം തീരെ പിടിക്കാത്തതു കൊണ്ടും ദുരഭിമാനം കൊണ്ടും ആ വഴിക്കു ചിന്തിച്ചില്ല.  ഇനിയെങ്കിലും എന്തെങ്കിലും പണിയെടുത്ത് ജീവിച്ചില്ലെങ്കിൽ ശരിയാവില്ല എന്നോർത്തിട്ടാ അടുത്തയാഴ്ച ചാക്കോച്ചായന്റെ വർക്ക്ഷോപ്പിൽ പണിക്കു ചെല്ലാമെന്ന് തീരുമാനിച്ചിരിക്കുന്നത്.

       ഏഴരമണിക്കു തന്നെ അവനെത്തി.  ചാരായത്തിന്റെ ഗന്ധമടിക്കുന്നുവോ എന്നു സംശയം.

      "എപ്പ തൊടങ്ങിയെടാ നിനക്കീ എടപാട്?" ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

     മറുപടി ഒരു ചിരിയിലൊതുക്കിയവൻ സൈക്കിളിൽ കേറാൻ തല കൊണ്ടാംഗ്യം കാണിച്ചു. നാട്ടുവഴി പിന്നിട്ട് ടാറിട്ട റോഡിലെക്കു. ശരപഞ്ജരത്തിലെ ജയന്റെ പോസ്റ്ററുകൾ മതിലിൽ നിറഞ്ഞിരിക്കുന്നു. പടമിന്നലെ വന്നതേയുള്ളൂ, തിരക്കുണ്ടാവും, എത്ര തിരക്കുണ്ടായാലും
ടിക്കറ്റെടുക്കാനവൻ മിടുക്കനാ. കരുതിയത് പോലെ ഒരുത്സവത്തിനുള്ള ആളൂകൾ, അതിനിടയിലൂടെ ഊളിയിട്ടവൻ ഇളം മഞ്ഞ കളറിലുള്ള രണ്ട് ടിക്കറ്റുമായെത്തി. ഇനിയുള്ള കാലം ജയൻ തന്നെ താരമെന്നുറപ്പിക്കുന്ന രീതിയിലോരോ സീനിനും കയ്യടി. തിരികെ വരുന്ന വഴിയും ആന്റപ്പൻ വാ തോരാതെ ജയനെന്ന താരത്തെ പുകഴ്ത്തിക്കൊണ്ടിരുന്നു. പകുതി ദൂരം ചെന്നപ്പോൾ പെട്ടെന്ന് ടയർ വെടിതീർന്ന പോലൊരു ശബ്ദം കേട്ടു.

       പൊട്ടൽ കേട്ടത് കേളു മുതലാളീടെ അംബാസ്സഡർ സ്റ്റാർട്ടാക്കിയതാണെന്നു മനസ്സിലാക്കാൻ നിമിഷങ്ങളെടുത്തു.  പകച്ച് നിന്ന തന്നോട് റേഡിയേറ്റർ തകരാറെത്രയും പെട്ടെന്നു നോക്കാൻ ചാക്കോച്ചായാൻ പറഞ്ഞപ്പോളാണു സ്ഥലകാലബോധം വീണത്.
ഒരു മണിയായോ ആവോ, വർക്ക്ഷോപ്പിലെ റേഡിയോയിൽ നിന്ന് കേൾക്കുന്നത് രഞ്ജിനിയിലെ പാട്ടുകളല്ലേ.. പൂമാനമേ.....മമ്മൂട്ടിയുടെ പുതിയ സിനിമയിലെ ഗാനം. ആന്റപ്പനെ വൈകിട്ടൊന്നു കാണണം. അമ്മച്ചിയുടെ പരാതി കേട്ടു മടുത്തു. പലദിവസങ്ങളിലും അവൻ വീട്ടിൽ ചെല്ലാറില്ല, ഷാപ്പിൽ തന്നെ ഉറക്കം. പെണ്ണു കെട്ടിച്ചാൽ മാറുമെന്നെല്ലാവരും കരുതി. രണ്ടു കുട്ടികളുമായി, കുറച്ചു നാളത്തേക്കു നല്ല പിള്ളയായെങ്കിലും ആന്റപ്പൻ വീണ്ടും പഴയ പടി. രണ്ടു തവണ പോട്ട ധ്യാനകേന്ദ്രത്തിൽ കൊണ്ട് പോയെങ്കിലും ഫലം തഥൈവ.

       വർക് ഷോപ്പിൽ നിന്നല്പം നേരത്തെയിറങ്ങി ആന്റപ്പനെ തപ്പിനടന്നു. ഹൈദറാലിക്കാന്റെ ചായക്കടയുടെ പിറകിൽ ഒരു ചീട്ടുകളി കൂട്ടമുണ്ട്. ഊഹം തെറ്റിയില്ല, കണ്ടതേ വെളുക്കേചിരിച്ച് കൊണ്ടടുത്തു വന്നു. സിനിമയ്ക്കു പോയാലോ, അവന്റെ ഓഫർ സ്നേഹപൂർവം നിരസിച്ചു കൊണ്ട് തോളത്ത് കൈയിട്ട് ജെട്ടിയിലെക്കു നടന്നു.എവിടെ തുടങ്ങണമെന്നറിയാതെ, പറയാനുദ്ദേശിച്ചത് മുഴുവൻ തൊണ്ടയിൽ തങ്ങി നിന്നു.

"എനിക്കറിയാടാ നീയെന്താ പറയാൻ വരുന്നതെന്ന്. ഇനിയധികമൊന്നുമില്ല. ചങ്കും മത്തങ്ങയുമൊക്കെ പോയെന്നെനിക്കറിയാം." 
ഒട്ടും കുറ്റബോധമില്ലാതെ അവന്റെ സംസാരം. 
"എന്താടാ നീയിങ്ങനെ, നീ വിചാരിച്ചാലിതൊക്കെ നിർത്താൻ പറ്റില്ലേടാ?" എന്റെ ചോദ്യത്തിൽ വേദന കലർന്നിരുന്നു.
 ചിരിച്ചുകൊണ്ട് ജെട്ടിയിൽ നിശ്ചലമായിക്കിടന്നിരുന്ന ബോട്ടിലെക്ക് നോക്കിയിരുന്നതല്ലാതെ അവനൊന്നും പറഞ്ഞില്ല. എന്തായിരുന്നു അവന്റെ മനസ്സിൽ,.  ശ്മശ്രുക്കൾ വളർന്ന അവന്റെ മുഖത്തെ ഭാവം നിരാശയുടേതായിരുന്നു. എത്ര നേരം അങ്ങനെയിരുന്നുവെന്നറിയില്ല.
" പോകാം," അവൻ പതിയെ പറഞ്ഞു. 
"ഇന്നെങ്കിലും നീ നേരത്തെ ചെല്ലുമോ" പ്രതീക്ഷയില്ലെങ്കിലും വേറുതെ ചോദിച്ചു. വിളറിയ ഒരു ചിരിയെനിക്ക് സമ്മാനിച്ച് കൊണ്ടവൻ തലയാട്ടി.
ഏഴുമണിയുടെ ബോട്ട് യാത്രയാകുന്നതിനുള്ള ഹോറൺ മുഴങ്ങി.

      ഹോണിന്റെ ശബ്ദം കേട്ട്  ചാരുകസേരയിൽ നിന്ന് തലപൊക്കി നോക്കിയപ്പോ കൊച്ചാപ്പിയുടെ ലൂണാ വേലിക്കരുകിൽ. ഒറ്റനോട്ടത്തിൽ തന്നെ അവന്റെ  മുഖത്തെ വേദന വായിച്ചെടുക്കാൻ തനിക്കായി. അച്ചുവേട്ടാ നമ്മുടെ ആന്റപ്പൻ.... കൊച്ചാപ്പിക്ക് മുഴുമിപ്പിക്കാനായില്ല...