Sunday, October 14, 2012

സുകു കണ്ട ജലയക്ഷി...

"എന്നിട്ട്.."
ആകാംക്ഷയോടെ മോനായി മുന്നോട്ടാഞ്ഞു.
     വടക്കേപ്പറമ്പിലെ വൈകുന്നേരത്തെ പന്തുകളി കഴിഞ്ഞ് എല്ലാവരും വീടണഞ്ഞിട്ടും ആ നാൽവർ സംഘത്തിനു പോകാറായില്ല. ആവേശം തിരതല്ലിയ കളിക്കു ശേഷം ഗോൾപോസ്റ്റിനു സമീപം വട്ടത്തിൽ ചടഞ്ഞു കൂടിയിരുന്ന് കഥകൾ പറഞ്ഞിരിയ്ക്കൽ അവരുടെ ഇഷ്ട വിനോദം തന്നെ. കൂട്ടത്തിൽ രണ്ട് വയസ്സിനു മുതിർന്ന സുകുവാണിന്നത്തെ ശ്രദ്ധാകേന്ദ്രം. സുകു പത്താം തരം തോറ്റതിനു ശേഷം ചന്തയിലെ പച്ചക്കറിക്കടയിൽ പണിക്കു നിക്കുവാണെങ്കിലും പന്തു കളിയുടെ സമയമാകുമ്പോൾ പണിയൊക്കെ ഒതുക്കിയിട്ട് പുറത്ത് ചാടും. സമപ്രായത്തിലും അല്ലാത്തവരുമായ ആ പ്രദേശത്തുള്ള കരുമാടിക്കുട്ടന്മാരൊക്കെ വടക്കേപ്പറമ്പിലൊത്തു കൂടും. എല്ലാം പുളുവടിക്ക് ഒന്നിനൊന്നു മെച്ചം. കൂട്ടത്തിൽ സുകു തന്നെ താരം. കഴിഞ്ഞദിവസം കളിയും കുളിയുമൊക്കെ കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴി നടന്ന സംഭവമാണു സുകുവെടുത്തലക്കുന്നത്.

" നീ  ബാക്കി പറേന്നൊണ്ടോ ഇല്ലയോ?" മോനായിയുടെ കണ്ട്രോൾ പോയിത്തുടങ്ങി.
" പറയുവല്ലിയോ, ഒന്നടങ്ങടാ പന്നീ.."  ദിനേശ്ബീഡിയുടെ അവസാന പുകയെടുക്കവേ സുകുവിന്റെ കവിളുകൾ വട്ട്സോഡയുടെ കഴുത്തു പോലെ ഉള്ളിലേക്കു വലിഞ്ഞു.
"അപ്പ നമ്മളെവിടാ പറഞ്ഞു നിർത്തിയേ..?"
"തോട്ടീന്ന് കേറിയതു വരെ പറഞ്ഞു" മായന്റെ ഉത്തരം പെട്ടന്നായിരുന്നു.
"ആ...കുളീം കഴിഞ്ഞു തോട്ടീന്ന് കേറി, ഇന്നലെ നല്ല തണുപ്പല്ലാരുന്നോ.., നനഞ്ഞ തോർത്തും തോളത്തിട്ടിരുന്ന കാരണം ആ തണുപ്പും കൂടെ.., പണ്ടാരം ആകെ തണുത്തു വിറച്ചാ ഞാൻ തോട്ടുവക്കത്തൂടെ നടന്നത്."

      സുകുവിന്റെ മനസ്സിലൂടെ ആ രംഗങ്ങൾ തിരശ്ശീലയിലെന്ന വണ്ണം മിന്നിമറഞ്ഞു. നല്ല മഴക്കോളും കാണുന്നുണ്ട്. എട്ടൊൻപത് മണി കഴിഞ്ഞിട്ടുണ്ടാവും. കുളി കഴിഞ്ഞു തോട്ടീന്നു കേറിയ സുകുവിനു ചുറ്റുവട്ടത്തൊന്നും ആരെയും കാണാൻ കഴിഞ്ഞില്ല.കുട്ടപ്പന്റെ ഓലക്കുടിൽ അക്കരെ കാണാമെങ്കിലും ആൾക്കാരെ കാണാൻ വയ്യാത്തത്ര ഇരുട്ട്. മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കൊരെണ്ണം കുട്ടപ്പന്റെ വീടിന്റെ തിണ്ണയിൽ കാണാം. കുട്ടപ്പന്റെ വീടും കഴിഞ്ഞു പത്ത് മിനിറ്റെങ്കിലും നടക്കണം  വീട്ടിലെത്താൻ.  തോടിന്റെ തിട്ടക്ക് കരിങ്കൽ കൊണ്ട് ചെറിയ ഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും കാലപ്പഴക്കം കൊണ്ട് കല്ലുകൾ പലതും തോട്ടിലേക്ക് തന്നെ വീണു കിടപ്പുണ്ട്. ചെറിയ നിലാവെളിച്ചത്തിന്റെ സഹായത്തോടെ, ഇളകിക്കിടക്കുന്ന കല്ലുകൾ ശ്രദ്ധിച്ച് തോട്ടുവക്കത്തൂടെ  മൂളിപ്പാട്ടും പാടി മുന്നോട്ട് നടന്നു.

"അപ്പ അവിടെങ്ങും ആരുമില്ലാരുന്നോ സുകുവേ..?" മോനായിക്കു ആകാംക്ഷയടക്കാനായില്ല.
"ഡാ മായാ.. ദേ ഇവനെന്റെ കയ്യീന്നു മേടിക്കുവേ...., ഞാനതല്ലേ അങ്ങോട്ട് പറഞ്ഞോണ്ട് വരുന്നത്" സുകു ദേഷ്യം മറച്ച് വെച്ചില്ല.
" നിങ്ങളു രണ്ടും പടച്ചോനെയോർത്ത് ഒന്ന് മിണ്ടാതിരി, അവൻ പറയട്ടെ.."ഒന്നും മിണ്ടാതെ ഒക്കെ കേട്ടിരുന്ന റഷി പെട്ടെന്നിടപെട്ടു പറഞ്ഞു.  അതു കേട്ടിരുവരും സുകുവിന്റെ വാക്കുകൾക്കു ചെവിയോർത്തു.
"നടന്ന് പാലത്തിനടുത്തെത്താറായി. ദാണ്ടേ..ആ പോസ്റ്റുങ്കാലിന്റെ ദൂരോം കൂടെ" അപ്പുറത്തെ ഗോൾ പോസ്റ്റായി നാട്ടി വെച്ചിരുന്ന മുളങ്കമ്പ് ചൂണ്ടിക്കാണിച്ച് സുകു തുടർന്നു.
"അത്രോം അടുത്തെത്തി കേട്ടോടാവ്വേ..
അപ്പ പാലത്തിന്റങ്ങോട്ട് ഞാൻ നോക്കിയപ്പോ, പാലത്തേ നിൽക്കുന്നു വെളുത്ത സാരിയൊക്കെ ഉടുത്തൊരു പെണ്ണ്. " മോനായി അതു കേട്ട് ഉമിനീരിറക്കി.
 "നീ ശരിക്കും കണ്ടോ" മായനൊരല്പം വിശ്വാസക്കുറവ്.
"പിന്നല്ലേ, പാലത്തിന്റെ നടുക്കു തന്നെ, തറേൽ തൊട്ടിട്ടൊന്നുമില്ല, പ്രേതം തന്നെ, രാമങ്കരിയിലുള്ള ഒരു പെണ്ണിന്റെ ശവം കടവത്ത് വന്നടിഞ്ഞില്ലേ, മിക്കവാറും അവളു തന്നെയാവാനാ ചാൻസ്." അവളുടെ ഫാമിലിയെ പറ്റിയുള്ള തന്റെയറിവും അവനവർക്കായി പങ്കു വെച്ചു.
"നീ പേടിച്ചോ..?"
"ഉം..,  കൊറേ പുളിക്കും, ഞാനതിനല്ലേ എപ്പഴും ഇരുമ്പു കൊണ്ട് നടക്കുന്നത്, ഇടയ്ക്കൊക്കെ ആ വഴീലൊക്കെ ഇത് പോലുള്ള ശല്യമുണ്ടെന്നു ഔതക്കുട്ടി ഇന്നാളു പറഞ്ഞതീപിന്നെ ഞാൻ ഇതും കൊണ്ടാ നടക്കുന്നത്." ചെറിയൊരു മടക്കു പിച്ചാത്തി കളസത്തിന്റെ പോകറ്റീന്നെടുത്തവരെ കാണിച്ച് കൊണ്ട് പറഞ്ഞു.
"ഒള്ള ധൈര്യമെല്ലാം കൂടെ വാരിപ്പിടിച്ച് കത്തിയും കയ്യിലെടുത്ത് ഞാൻ മുന്നോട്ട് നടന്നു വരുന്നത് കണ്ടപ്പോ, കളി സുകൂന്റടുത്ത് നടക്കില്ലെന്നു വിചാരിച്ചാവും അതങ്ങ് മാഞ്ഞു പോയി.." സുകു പറഞ്ഞു നിർത്തിയിട്ടവരുടെ മുഖത്തേക്കു നോക്കി, മോനായിയും മായനും ശരിക്കും വിശ്വസിച്ച മട്ടാ, റഷിക്കൊരു ചെറിയ സംശയമുണ്ട്.
"ഹോ. നെന്നെ സമ്മതിക്കണം, ഞങ്ങളെങ്ങാനുമായിരുന്നേൽ പെടുത്തു പോയേനേ.." മായൻ അവന്റെ ധൈര്യത്തിനു ഒരു തിലകം കൂടി ചാർത്തിക്കൊടുത്തു.
"എന്തായാലും ഇനിയതിലേ പോകുമ്പോ സൂക്ഷിക്കണം, കേട്ടോടാ.:." റഷി മുന്നറിയിപ്പും കൊടുത്തുകൊണ്ടെഴുന്നേറ്റു.

     ഗൂഢമായ ഒരു ആനന്ദത്തോടെ സുകു സൈക്കിളിനടുത്തേക്കു നടന്നു. പൊട്ടന്മാരു നല്ലോണം പേടിച്ചിരിക്കുന്നു. മോനായി രാത്രിയിൽ കിടന്നു കാറാതെയിരുന്നാൽ മതിയാരുന്നു. മൂന്നാലു ദിവസത്തേക്കിതു തന്നെ പറഞ്ഞോണ്ട് നടന്നോളും.  ഇരുട്ടു പരന്നു തുടങ്ങിയിരിക്കുന്നു.   ഇനിയും നിന്നാൽ ശരിയാകില്ല., കുളിയൊക്കെ വീട്ടിൽ ചെന്നാവാം.  നാളെ നേരത്തെ കടയിലെത്തണം.  ഓരോന്നു വിചാരിച്ച് സൈക്കിളാഞ്ഞു ചവിട്ടി സുകു വഴി വേഗത്തിൽ പിന്നിട്ടു.വഴിവിളക്കൊന്നും പ്രകാശിക്കുന്നില്ലെങ്കിലും സ്ഥിരമായി പോകുന്ന വഴിയായതിനാൽ കൈരേഖ പോലെ  ഓരോ കുണ്ടും കുഴിയും അവനു പരിചിതമായിരുന്നു. പാടത്ത് നിന്നടിക്കുന്ന നല്ല പടിഞ്ഞാറൻ കാറ്റ്. അവ്യക്തമായ ശബ്ദത്തിൽ നായ്ക്കളുടെ കുരയും കേൾക്കാം.മെമ്പറുടെ വീട്ടിൽ നിന്നാണെന്ന് തോന്നുന്നു. ഓർമ വെച്ചപ്പോ മുതൽ തോമാച്ചൻ തന്നെ ഈകരയിലെ മെമ്പർ. അങ്ങേർക്കും വീട്ടുകാർക്കും നല്ല പ്രയോജനം ഉണ്ടെന്നല്ലാതെ നാട്ടുകാർക്കു വലിയ മെച്ചമൊന്നുമില്ല. ഒരു വിപ്ലവം വന്നാലേ നാടു നന്നാകൂ. സമയം കിട്ടുന്നതനുസരിച്ച് പാർട്ടി ക്ലാസിനൊക്കെ പോകണം, വിശ്വൻ സഖാവു വന്നു രണ്ട് തവണയിടയ്ക്കു വിളിച്ചതാ. വീട്ടിലറിഞ്ഞാ പ്രശ്നമാകുമെന്ന് കരുതിയാ അനങ്ങാതെയിരിക്കുന്നത്. അപ്പനാണേൽ ലീഡറെന്ന് കേട്ടാൽ ചാകാൻ നടക്കുവാ., അതിനിടയ്ക്ക് താൻ പാർട്ടിയിൽ ചേരാൻ പോയെന്നെങ്ങാനും അറിഞ്ഞാലതു മതി വീട്ടീന്ന് പുറത്താക്കാൻ. എല്ലാം ബൂർഷ്വാകളു തന്നെ.

     പല മനോവിചാരത്തിൽ സൈക്കിളും ചവിട്ടി സുകു പാലത്തിനടുത്തെത്താറായി. സ്പീഡിൽ ചവിട്ടികേറിയാൽ പിന്നെ  വെറുതെയിരുന്നാൽ മതി., ഇറക്കം വിട്ടങ്ങു പോകാം. പാലത്തിന്റെ ഒത്തനടുക്കെത്തിയ സുകൂനു എന്താ സംഭവിച്ചതെന്നു പെട്ടെന്ന് മനസ്സിലായില്ല. ശക്തമായ ഒരു പിടുത്തം കഴുത്തിൽ. ആരോ പുറകോട്ട് പിടിച്ച് വലിക്കുന്നു.  ഒന്നു നിലവിളിക്കാനായി ശ്രമിച്ചെങ്കിലും ശബ്ദം തൊണ്ടയിൽ കുരുങ്ങിക്കിടന്നതല്ലാതെ പുറത്തേക്കു വന്നില്ല. വന്നതാകട്ടെ എലി കരയുന്നതു പോലൊരു ശബ്ദവും. ഒരു കൈ ഹാൻഡിലിൽ നിന്നെടുത്ത് കഴുത്തേലേ പിടുത്തം വിടീക്കാൻ ശ്രമിച്ചെങ്കിലും, പേടിയും പരിഭ്രമവും കൊണ്ട് നിമിഷങ്ങൾക്കുള്ളിൽ  സകല നിയന്ത്രണവും കയ്യീന്നു പോയി. സുകുവിന്റെ പൃഷ്ഠവുമായുള്ള ബന്ധം വിച്ഛേദിച്ച ശകടം പാലത്തിന്റെ ചെറുകൈവരിയിലുരഞ്ഞ് കവണേന്നു വിട്ട കല്ലിന്റെ വേഗതയിൽ നേരെ തോട്ടിലോട്ട്. അതേ നിമിഷം തന്നെ സുകുവും കൈവരിക്കു മുകളിലൂടെ തോട്ടിലേക്കെടുത്തെറിയപ്പെട്ടു. അലറാനുള്ള ശ്രമം ഇത്തവണ വിജയം കണ്ടു. ഭീകരമായ ഒരലർച്ചയോടെ ജലോപരിതലത്തിലേക്കും അവിടുന്നു അടിത്തട്ടിലേക്കും സുകു താഴ്ന്നു തുടങ്ങി. ജലയക്ഷിയെന്നു കേട്ടിട്ടെയുള്ളൂ സുകു. പുഴയുടെ അഗാധതയിലേക്ക് ആൾക്കാരെ വലിച്ചു കൊണ്ട്പോകുന്ന ജലയക്ഷി. വെള്ളത്തിലേക്കു പതിക്കവേ കഴുത്തിലെ പിടുത്തം അയഞ്ഞുവെങ്കിലും തോട്ടിന്നടിത്തട്ടിലേക്കു വലിച്ചിട്ട് തന്നെ കൊല്ലാനാണവളുടെ ശ്രമമെന്നു നിസ്സഹായതോടെ അവനു മനസ്സിലായി. നീന്താനറിയാവുന്ന അവന്റെ കൈകാലുകൾ ചലനമറ്റ പോലെ. മരണത്തിന്റെ കരാളഹസ്തങ്ങൾ തനിക്കു മേലെ വല്ലാത്തൊരു ആവേശത്തോടെ പിടിമുറുക്കുന്നു. ജീവിതത്തിന്റെ വർണ്ണങ്ങൾ കണ്ടു കൊതി തീർന്നിട്ടില്ല. സ്വാമീസിലെ മസാലദോശയും, വടക്കെപ്പറമ്പിലെ പന്തുകളിയും, ഊട്ടിക്കു പോകണമെന്ന ആഗ്രഹവും ഒക്കെ ഇവിടെ തീരുകയാണോ. കണ്ണിലും മനസ്സിലും ഇരുട്ടു വ്യാപിക്കുന്നു, മൂക്കിലൂടെയും വായിലൂടെയും ആമാശയത്തിലേക്കു തോട്ടിലെ വെള്ളവും.

     ശരീരത്തു ചുറ്റിപ്പിടിച്ച രണ്ടു കൈകൾ തന്നെ താഴേക്കു വലിക്കുകയാണോ, മുകളിലേക്കു പൊക്കുകയാണോ.... മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള അവസ്ഥയിൽ ഒന്നുമവനു വ്യക്തമായി മനസ്സിലായില്ല.
"ഇതു നമ്മുടെ സുകുവല്ലേ..."  അശരീരി പോലൊരു ശബ്ദം കാതുകളിൽ വന്നു വീണു.
     അപ്പോ ആളറിയാതെയാണോ കാലൻ തന്നെ പിടിച്ചത്, വെള്ളത്തിൽ തള്ളിയിട്ട് കൊന്നശേഷം കാലനു സംശയമോ. കണ്ണുകൾ വലിച്ചു തുറന്നപ്പോൾ അവ്യക്തമായി കണ്ട രണ്ടു രൂപം പതിയെ സ്ഥലകാല ബോധം വീണ്ടെടുത്തവനെ തോട്ടുവക്കത്തേക്കു തന്നെ കൊണ്ടു വന്നു.
"എങ്ങനാടാ തോട്ടിൽ വീണത്...?" കുട്ടപ്പന്റെ ശബ്ദം, കൂടെ മകനുമുണ്ട്., മീൻ വല വെക്കാനിറങ്ങിയതാണവർ.
"പ്രേതം..പ്രേതം...കഴുത്തേൽ പിടിച്ച്...വെള്ളത്തിൽ.." പാലത്തിലേക്കു കൈചൂണ്ടികൊണ്ട് സുകു പറഞ്ഞ വാക്കുകളിൽ നിന്നു കുട്ടപ്പനു കാര്യം മനസ്സിലായി.
     അത്ഭുതത്തോടെ കുട്ടപ്പനവന്റെ കഴുത്തിലേക്കു തന്റെ എവറഡി റ്റോർച്ചു മിന്നിച്ചു. കഴുത്തിലുള്ള മുറിവിലൂടെ രക്തം കിനിഞ്ഞു പടരുന്നു.
"പ്രേതമോ, എങ്കിലൊന്നു കാണണമല്ലോ...., നല്ലപ്രായത്തിൽ ഒരെണ്ണത്തിനെ കാണാൻ കിട്ടിയിട്ടില്ല..."
      രണ്ടും കൽപ്പിച്ചു കുട്ടപ്പൻ നനഞ്ഞു കുതിർന്ന മുണ്ടൊന്നു കൂടി ചുരുട്ടിക്കൂട്ടി അരയിലുറപ്പിച്ചു കൊണ്ട് പാലം ലക്ഷ്യമാക്കി തിരിഞ്ഞു.  കുട്ടപ്പന്റേയും മകന്റെയും പിന്നാലേ നനഞ്ഞകോഴിയെപ്പോലെ പാലത്തിലേക്കു സുകുവും നടന്നു കയറി. അരമണിക്കൂറോളം ആ മൂവർ സംഘം പാലത്തിൽ അരിച്ചു പെറുക്കിയിട്ടും സംശയം തോന്നിപ്പിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നിരാശയോടെ അതിലേറെ ആശ്ചര്യത്തോടെ സുകുവിന്റെ കഴുത്തിലേക്കും തോട്ടിലേക്കും മിഴിയെറിഞ്ഞു കുട്ടപ്പൻ അല്പനേരം കൂടെ പാലത്തിൽ നിന്നശേഷം തിരികെ പോകാനൊരുങ്ങി.
ആ സമയം ഓളങ്ങളടങ്ങി ശാന്തമായ തോട്ടിലെ വെള്ളത്തിലേക്ക് ഈ സംഭവത്തിനെല്ലാം  മൂകസാക്ഷിയായ  ടെലിഫോൺ കേബിൾ പതിയെ താഴ്ന്നു പൊയ്ക്കൊണ്ടേയിരുന്നു.......

വര... റിയാസ് ടി അലി..(വരിയും വരയും)

40 comments:

 1. നിന്റെയീ ജലയക്ഷിക്കഥയിൽ തന്നെ ആദ്യവെടി പൊട്ടിക്കേണ്ടി വന്നല്ലോ ? ഈ ജലയക്ഷി ഇനി എന്നെ കുളത്തിൽ പിടിച്ച് താത്തുമോ ? എന്തായാലും നവാസിക്കായ്ക്ക് വിഡ്ഢിമാന്റെ വെടിക്കഥകളിൽ എഴുത്ത് തുടരാം.! ആശംസകൾ.

  ReplyDelete
 2. ഹിഹി.. അപ്പോ ടെലിഫോൺ യക്ഷിയായിരുന്നല്ലേ. നല്ല കൈയ്യടക്കത്തോടെ പറഞ്ഞു

  ReplyDelete
 3. കൊള്ളാം നല്ല അവതാരണ ശൈലി.... ഒരു ചെറിയ കഥ ബിന്ദുവിനെ പൊലിപ്പിച്ചു എഴുതാനുള്ള കഴിവ്., പ്രശംസനീയം തന്നെ.... നാടകീയ രംഗങ്ങള്‍ കഥയ്ക്ക് ജീവന്‍ നല്‍കുന്നു

  ReplyDelete
 4. കേബിള്‍ യക്ഷിയാണല്ലേ?? നന്നായിരിക്കുന്നു.

  ReplyDelete
 5. നല്ല കഥ..അവതരണഭംഗിയുമുണ്ട്.അഭിനന്ദനങ്ങള്‍

  ReplyDelete
 6. ഹ..ഹ..ഹ..

  ഉഗ്രന്‍ .!

  മരണം മുന്നില്‍ കണ്ടപ്പോ സാമീസിലെ മസാലദോശ ഓര്‍മ്മ വന്നത് വളരെ നന്നായി.. :)

  സുകു അങ്ങ് ഒഴിവാക്കി സ്വയം തന്നെ അങ്ങ് നരേയ്റ്റ്‌ ചെയ്യാരുന്നു.. :)

  ReplyDelete
 7. ഞാന്‍ പേടിചില്ലേ.........:D
  പറ്റിച്ചേ!!!!!

  ReplyDelete
 8. സുകു മോനയിയെ ചതിച്ചാല്‍ കേബിള്‍ സുകുവിനെ ചതിക്കും. ഇതില്‍ നിന്ന് മോനയിയും കേബിളും തമ്മിലുള്ള അന്തര്‍ധാര ശക്തമായിരുന്നു എന്നു മനസിലാക്കണം. ഏത്.. അതന്നെ.

  "വലിയ പാരഗ്രാഫുകൾക്ക് പകരം ചെറിയവ ആക്കുന്നതും അക്ഷരങ്ങളുടെ സൈസ് ഒന്ന് വലുതാക്കുന്നതും വായന എളുപ്പമാക്കും" മൊഹിയുടെ കമന്റാകര്ഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്.

  ReplyDelete
 9. HHAHAHA SUKUVINTEY ORU KAARYAM NAWAS ROU CHERU SUGAM VAANU

  ReplyDelete
 10. ഉപമകളും യക്ഷിയും ആകാംക്ഷയും നിലനിര്‍ത്തിയ തകര്‍പ്പന്‍ പോസ്റ്റാണല്ലോ..നന്നായിരിക്കുന്നു.

  ReplyDelete
 11. സംഗതി കൊള്ളാം മാഷെ, ഉഷാറായി, പാരഗ്രാഫിന്റെ ഇടയില്‍ സ്പേസ് കൊടുത്തും, അക്ഷരം വലുതാക്കിയും, സംസാരം വേറെ ഫോണ്ടിലോ, ഇറ്റലിക്സ് ലോ ആക്കിയാല്‍ വായന കുറച്ച് കൂടി സുഗമം ആകും. ആശംസകള്‍ !

  ReplyDelete
 12. ഹഹ...കേബിള്‍ യക്ഷി കലക്കി കേട്ടോ

  ReplyDelete
 13. neeyoru puliyayi marikkondirikkuvanalloda...kollaam... nannayittundu....
  Kuttappai

  ReplyDelete
 14. യക്ഷി കേബിള്‍ രൂപത്തിലും വരും അല്ലേ? നല്ല അവതരണം...

  ReplyDelete
 15. ഹ.. ഹ.. സുപ്പെര്‍..:)

  ReplyDelete
 16. സൂപ്പർബ്.. കിടു... മനോഹരമായ അവതരണം.. ഞാൻ രണ്ട് പ്രാവശ്യം വായിച്ചു...

  ReplyDelete
 17. എല്ലാരും ലൈന്‍ മാറ്റി...നുമ്മളും മാറ്റിയാല്ലോ....(ഗോമഡിയിലേക്ക്)

  ReplyDelete
 18. യക്ഷിക്കഥ നന്നായിട്ടുണ്ട്.ഇപ്പോ ലൈനെല്ലാം അണ്ടര്‍ ഗ്രൌണ്ടല്ലേ,പണ്ടായിരിക്കുമല്ലോ കഥ നടന്നത്.....അപ്പോ ശരി...!!!

  ReplyDelete
 19. നന്നായിട്ടുണ്ട് നവാസ്‌. ഉഗ്രന്‍.

  ReplyDelete
 20. കഥയൊക്കെ കൊള്ളാം... എന്നാല്‍ ഒരു ഇരുപതു കൊല്ലം മുന്നേ പറയേണ്ടിയിരുന്നു... ക്ലൈമാക്സ്‌ എന്താവും എന്ന് ആദ്യമേ മനസ്സിലായി, പക്ഷെ എങ്ങനെ ആവുമെന്ന് അറിയില്ലയിരുന്നു...

  നല്ല പന്തടക്കമുള്ള ഛെ! കയ്യടക്കമുള്ള വിവരണം...

  ReplyDelete
 21. ഉഗ്രന്‍, സംഗതി ചീറീട്ടൊ...ലൈനൊന്ന് മറ്റിപ്പിടിച്ച മട്ടുണ്ടല്ലൊ...?

  ReplyDelete
 22. ഇത്തവണ ഒന്ന് കളം മാറ്റിപ്പിടിച്ചു അല്ലെ ?
  നിങ്ങളുടെ ഐഡന്റിറ്റി നിലനിര്‍ത്തിക്കൊണ്ടുള്ള ഈ കളംമാറ്റം ഇഷ്ടപ്പെട്ടു ..
  പോരട്ടെ കൂടുതല്‍..
  എല്ലാ ആശംസകളും !

  ReplyDelete
 23. പാരഗ്രാഫുകൾ ഒരു കൂടി സജ്ജീകരിക്കാൻ ഞാൻ പറഞ്ഞിരുന്നല്ലൊ/ :)

  നാട്ടിൻ പുറങ്ങളിൽ സാധാരണയായി കണ്ട് വരുന്ന ചില സംഭവ വികാസങ്ങൾ മനോഹരമായി അവതരിപ്പിച്ചു. കേബിൾ കഴുത്തിൽ കുടുങ്ങിയ കഥാപാത്രത്തിന്റെ അവസ്ഥ നന്നായി. :)

  ReplyDelete
 24. കഥ നന്നായിട്ടുണ്ട്. പ്രമേയത്തെക്കാള്‍ അവതരണം ആണ് മികച്ചത്. നാടന്‍ കഥകള്‍ വായിക്കാന്‍ ഒരു സുഖമുണ്ട്

  ReplyDelete
 25. നല്ല എഴുത്ത്
  നന്നായി പറഞ്ഞു, ആശംസകൾ

  ReplyDelete
 26. ശ്രീ നവാസ് , നല്ല എഴുത്ത്.ഒരു വ്യാഖ്യാനത്തിനോ നിരൂപനതിണോ ഞാന്‍ പോര. എങ്കിലും ..മനസ്സില്‍ തോന്നിയത് ...കുറിക്കുന്നു. അത്ര മോശമല്ലാത്ത കഥാ തന്തു..കാലിക പ്രാധാന്യം പോര എന്ന ചെറിയ കുറവ് വേണമെങ്കില്‍ പറയാം. അന്തരീക്ഷ പ്രധാനം എന്ന നിലയില്‍ അതൊരു കുറവല്ല. സ്ഥലവും കാലവും വ്യക്തിയോടൊപ്പം കഥ പറയാന്‍ വേണം.മുന്‍ പിന്‍ ബന്ധവും..ഇതൊരു വിമര്‍ശനമല്ല കേട്ടോ.. കഥഗതിക്ക് കഥാകാരന്‍ സൂക്ഷിക്കേണ്ട മാര്‍ഗ്ഗ രേഖയോ..ഒക്കെയാകാം. ശ്രദ്ധിക്കുമല്ലോ.. ഇനിയും എഴുതൂ.. എഴുതൂ..എഴുതിക്കൊണ്ടേയിരിക്കൂ.. നവാസ്.. ദൈവം താങ്കളോട് ചേര്‍ന്ന് എവിടെയോ നില്‍പ്പുണ്ട്.. ആ ദേവ സാന്നിധ്യം.. കളയരുത്.....sneha poorvam madhu.

  ReplyDelete
 27. ഇത്തരത്തില്‍ ഉള്ള പ്രചാരങ്ങള്‍ എല്ലാം നമ്മുടെ ഉപബോധ മനസ്സിന്‍റെ സൃഷ്ട്ടി ആണ് അതിനു സ്വഭാവികമായും ടെലിഫോണ്‍ കേബിളോ മുള്‍ ചെടികളോ ഒക്കെ നിമിത്തമാവുകയും ചെയ്യും അങ്ങനെ ഒന്നാണ് ഇവിടേയും സംഭവിച്ചത്.
  കഥ ലളിതമായി തന്നെ പറഞ്ഞു

  ReplyDelete
 28. യക്ഷി ടെലഫോണ്‍ കേബിള്‍ വഴിയും വരും അല്ലെ?

  ReplyDelete
 29. അടിപൊളിയായിട്ടുണ്ട്.. :) നന്നായി അവതരിപ്പിച്ചു..

  ReplyDelete
 30. അവതരണം മികച്ചതായിരുന്നു .

  നമ്മുടെ മനസ് ഒരു ഭയങ്കര സംഭവമാണ്. ഇല്ലാത്തത് ഉണ്ടെന്നും ഉള്ളത് ഇല്ലെന്നും അതിങ്ങനെ നമ്മളെ വെറുതെ ചിന്തിപ്പിക്കും. അപ്പോള്‍ ഇല്ലാത്ത പലതും നമ്മള്‍ കണ്ണുകൊണ്ട് കാണും... ഒരുതരം മായക്കാഴ്ച.

  ആശംസകള് നവാസ് ഭായ്... തുടരട്ടെ ഈ പ്രയാണം

  ReplyDelete
 31. ഹു ഹു ഞമ്മളെ പ്രേതം... ഉഷാറായി ആശംസകള്‍

  ReplyDelete
 32. ഞാന്‍ വരാന്‍ വൈകി. വീട്ടില്‍ നെറ്റ് അത്ര സുഖമില്ല... അതിനെ ടെലിഫോണ്‍ യക്ഷി പിടിച്ചു എന്ന് തോന്നുന്നു. എന്തായാലും നല്ല കഥ... വെടിയന്റെ വെടിവെട്ടത്തെ പ്രേതം ഒതുക്കി അല്ലെ.... ആശംസകള്‍

  ReplyDelete
 33. ഞാന്‍ വരാന്‍ വൈകി. വീട്ടില്‍ നെറ്റ് അത്ര സുഖമില്ല... അതിനെ ടെലിഫോണ്‍ യക്ഷി പിടിച്ചു എന്ന് തോന്നുന്നു. എന്തായാലും നല്ല കഥ... വെടിയന്റെ വെടിവെട്ടത്തെ പ്രേതം ഒതുക്കി അല്ലെ.... ആശംസകള്‍

  ReplyDelete
 34. കൊള്ളാം ..നല്ല കഥ....യക്ഷി കഥ മനോഹരമായി തന്നെ പറഞ്ഞു..ഇങ്ങനെയൊക്കെ തന്നെയാണ് പണ്ട് നമ്മുടെ നാട്ടില്‍ യക്ഷികള്‍ നിറഞ്ഞു നിന്നിരുന്നത് ...ഇലക്ട്രിക്ക് ലൈറ്റ് വന്നതിന് ശേഷം അതുങ്ങളെ കാണാതായി!!!ഭാവുകങ്ങള്‍ ...

  ReplyDelete
 35. This comment has been removed by the author.

  ReplyDelete
 36. ഹ.. ഹാ.. രസായി

  ഇതുപോലെ പല കഥകളിലും സത്യാവസ്ഥ എന്തെന്നറിയാതെ യക്ഷനും യഷിയുമൊക്കെ അവതാരമെടുക്കുന്നു ..

  ഈ കേബിള്‍ യക്ഷിക്കഥ നന്നായി !!

  ReplyDelete
 37. ഡാ കിടൂ,
  എന്തുവാഡേയ് ഇത്!
  നീയാകെ ഞെട്ടിച്ചല്ലോ!

  ReplyDelete