Wednesday, November 28, 2012

പനിനീര്‍ പൂവ്.... ഒരു മരുഭൂമിക്കഥ.

ർമകളിലവൾ പട്ടുപാവാടയും ചന്ദനക്കുറിയുമിട്ട്....
തുമ്പിയെപ്പിടിച്ചും, മഷിത്തണ്ടൊടിച്ചും, അടിച്ചും തല്ലിയും വളർന്ന കുട്ടിക്കാലം..
എത്രപെട്ടെന്നാണു കാലചക്രം തിരിയുന്നത്.

        ആധാരമെഴുത്തുകാരൻ രാഘവപ്പണിക്കരുടെ രണ്ടാമത്തെ മകൾ ശാരി.
പ്രീഡിഗിക്കു ടൗണിലേ കോളേജിലേക്ക് പത്രാസ് കാണിച്ച് പോയ ശാരിയെ ലേശം കുശുമ്പോടെ നോക്കി നിന്നു . എന്താ പെണ്ണിന്റെ ജാട. പട്ടുപാവാടയിൽ നിന്ന് ദാവണിയിലെക്കുള്ള മാറ്റം പെട്ടെന്നായിരുന്നു. തമ്മിൽ കാണാനും സംസാരിക്കാനുമുള്ള അവസരങ്ങൾ കുറഞ്ഞു വന്നിട്ടും, സ്നേഹത്തിനൊരു കുറവുമുണ്ടായില്ല. ഹൃദയത്തിന്റെ പച്ചചില്ലയിൽ അവളൊരു കൂടുംകൂട്ടിയിരിപ്പ് തുടങ്ങി. സ്നേഹക്കൂട്. നാരായണേട്ടന്റെ ആലയിൽ പഴുപ്പിച്ച ഇരുമ്പിനെ കൂടം കൊണ്ടടിച്ച് പരുവപ്പെടുത്തുമ്പോൾ പോലും മനസ്സിൽ ശാരി മാത്രം. ഇടവഴികളിലെ കൊച്ചു വർത്തമാനങ്ങളിൽ, ദീപാരാധനയ്ക്കു തൊഴാൻ നിൽക്കുമ്പോൾ കണ്ണുകൾ തമ്മിൽ, മനസ്സുകൾ കൂടുതലടുക്കുകയായിരുന്നു.   മൂത്തവളുടെ കല്യാണം കഴിഞ്ഞതോടെ ശാരിയുടെ വിവാഹത്തിനായി സമ്മർദ്ദമേറുമെന്ന സത്യത്തിനു നേരെ മുഖം തിരിക്കാനായില്ല. പണം വല്ലാത്തൊരു നീറുന്ന ചോദ്യമായി മുന്നിലെത്തിയപ്പോഴാണു, സ്നേഹം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോകില്ലെന്ന തിരിച്ചറിവുണ്ടായത്.. കയ്യെത്താത്ത അകലത്തേക്കവളകന്നു പോകുന്നതൊഴിവാക്കാൻ പണം സമ്പാദിക്കണം. ജീവിതം കെട്ടിപ്പടുക്കണം. ഉറക്കമില്ലാത്ത രാവുകൾ. ആലയിലെ പണികൊണ്ട് മാത്രം എങ്ങുമെത്തുമാനാവില്ല. വഴികൾ പുതിയത് വെട്ടിത്തുറക്കണം.

   സർപ്പക്കാവിൽ വിളക്കു വെച്ചു മടങ്ങുന്ന ശാരിയുടെ മുഖത്ത് പതിവിലേറെ ശോണിമ പടർന്നിരുന്നു. വിറയാർന്ന ചുണ്ടുകളോടെ കടലു കടക്കാൻ തീരുമാനിച്ച കാര്യം പറയുമ്പോൾ,മിഴികളിൽ നിന്നുതിർന്നു വീണ മുത്തുമണികൾ കണ്ടില്ലെന്നു നടിക്കാനായില്ല. വിരൽത്തുമ്പാലവ തുടച്ചു മാറ്റിയിട്ട് പറഞ്ഞു.., ഞാൻ വരും, “രണ്ടേ രണ്ടു കൊല്ലം, സ്വന്തം കാലിൽ നിൽക്കാനുള്ള പണവുമായി ഞാനെത്തും. അതു വരെ...“ ഗദ്ഗദം മുഴുമിപ്പിക്കാനനുവദിച്ചില്ല. കരളു നുറുങ്ങുന്ന വേദനയുമായി പിന്തിരിഞ്ഞു നടന്നു.

       പറിച്ച് നടപ്പെട്ട ജീവിതം. കൊടുംചൂടിൽ പണിയെടുക്കുമ്പോഴും മനസ്സിനു കുളിർമയായി ആ മുഖം. ഒരേയൊരു ലക്ഷ്യം മാത്രം. പണം. അത് നേടിയെടുക്കാനുള്ള വ്യഗ്രത എന്തെല്ലാം ചെയ്യിച്ചു.  കോയാക്കായുടെ അഡ്രസിൽ വരുന്ന കത്തുകൾ. അതു മാത്രമായിരുന്നു അവളുടെ വിവരങ്ങൾ അറിയാനുള്ള വഴി. പോസ്റ്റ് ചെയ്തൊന്നര മാസം കഴിഞ്ഞു കയ്യിൽ കിട്ടിയ കത്ത്.,  കടലാസിൽ കടന്നൽ കൂടിയിളകിയതു പോലെ. തലച്ചോറിലേക്കൊരു മൂളലായി ആ സത്യം തുളഞ്ഞു കയറി.

       ഒരു വ്യാഴവട്ടം. എത്ര തവണ നാട്ടിൽ പോയി മടങ്ങി. ഒരിക്കലുമവളെ കാണാൻ കഴിഞ്ഞില്ല. അതിനായി ശ്രമിച്ചുമില്ല. പാലക്കാടുകാരൻ ഒരു സർക്കാരുദ്യോഗസ്ഥനുമായി വിവാഹം കഴിഞ്ഞുവെന്നതും, രണ്ടു കുട്ടികളായതും പലരിൽ നിന്നുമായി അറിഞ്ഞു. നന്നായി ജീവിക്കട്ടെ. മനസ്സ് നിറയെ നന്മ സൂക്ഷിച്ച് നടന്നിരുന്ന  ജീവിതവുമങ്ങനെ തന്നെ നന്മ നിറഞ്ഞതായിത്തീരട്ടെ. പ്രാർത്ഥന മാത്രം. രാഘവപ്പണിക്കരുടെ കാലവും കഴിഞ്ഞു. വീടും പറമ്പും വിറ്റുപെറുക്കി അങ്ങോരുടെ ഭാര്യ മൂത്തമോളുടെ അടുത്തേക്കും യാത്രയായി. ഇനി ഇങ്ങോട്ട് വന്നാലും ആരെക്കാണാൻ. പണ്ടോടി തിമിർത്ത് നടന്ന ചെമ്മണ്ണിടവഴികളൊക്കെ ടാറിട്ടു. കൈത്തോടുകൾക്കൊക്കെ വല്ലാത്തൊരു ക്ഷീണം. ഓരോ തവണ കാണുമ്പോഴും ഞാനിനി അധികമില്ലെന്ന് മൊഴിയുന്നത് പോലെ. കൊയ്ത്തും മെതിയുമൊക്കെ അസ്തമിച്ചിരിക്കുന്നു. വയലേലകളെ തഴുകിവരുന്ന പടിഞ്ഞാറൻ കാറ്റിനിയോർമ മാത്രം. നാട്ടുവർത്തമാനം പറഞ്ഞിരിക്കാറുള്ള കലുങ്കു വരെ അപ്രത്യക്ഷമായിരിക്കുന്നു. കൊഴിഞ്ഞകാലത്തിന്റെ തുരുമ്പിച്ച ഓർമകൾ മാത്രം ബാക്കി. ചിന്തകളെ മുറിച്ചുകൊണ്ടൊരു ഫോൺകോൾ.

        എല്ലാം മതിയാക്കണം. ഒരു മടക്കം, അനിവാര്യമായൊരു മടക്കം., നാടിനെക്കാൾ സ്വസ്ഥത ഇവിടെ ലഭിക്കുന്നുണ്ടൊരു തോന്നലിത്രയും കാലം പിടിച്ചു നിർത്തി. ബന്ധമുറപ്പിച്ച് നിർത്തുന്ന കണ്ണികളെന്ന് പറയാൻ ഇനിയാരുണ്ട് നാട്ടിൽ.
 അവധിക്കു പോയാൽ തന്നെ ആ ദിവസങ്ങൾ കഴിച്ചുകൂട്ടാൻ പെടുന്ന പാട്. സ്ഥിരം ആവലാതികൾ, പരാതികൾ.അമ്മയുണ്ടായിരുന്ന കാലം വരെ വിവാഹത്തിനായി നിർബന്ധിച്ചു. അത് മാത്രം സാധിച്ച് കൊടുക്കാൻ തനിക്ക് കഴിയുമായിരുന്നില്ലല്ലോ. ഇനിയതിനുമാളില്ല. ആരുമൊന്നിനും നിർബന്ധിക്കാനില്ല. വരുന്നവർക്ക് കൈനിറയെ എന്തെങ്കിലും കൊടുത്താലതുമായി അവർ പൊയ്ക്കൊള്ളും. എന്നിരുന്നാലും മടങ്ങിയേ തീരൂ. പുതിയൊരു പ്രൊജക്റ്റ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്, അതു കൂടെ തീർന്നു കഴിഞ്ഞാൽ, ഈ സ്വപ്നഭൂമിയോട് വിട പറയണം.

       കണ്ണാടിയിൽ നോക്കിയല്പനേരം നിന്നു. കാലം വല്ലാത്ത പോറലുകൾ വീഴ്ത്തിയിരിക്കുന്നു. മനസ്സിലും ശരീരത്തിലും. കഷണ്ടി കടന്നാക്രമണം തുടങ്ങിയിരിക്കുന്നു. അവിടവിടെയായി നരയും. ഡയബറ്റിസിന്റെ അസുഖമാണു വല്ലാതെ വലക്കുന്നത്. മരുന്നുകൾ കൃത്യമായി കഴിക്കുന്നത് കൊണ്ടൊരു പരിധിവരെ കുഴപ്പമില്ലാതെ പോകുന്നു.  സിസ്റ്റം തുറന്നതേ മെയിൽ ശ്രദ്ധയിൽ പെട്ടു. പതിനേഴാം തീയതി മുതൽ അടുത്ത സ്ഥലത്തേക്ക്.
പുതിയ പ്രൊജക്റ്റിന്റെ ഭാഗമായി കുറച്ചുള്ളിലേക്ക് മാറി കമ്പനി ഓഫീസ് തുറന്നു.   എല്ലാം ചിട്ടപ്പെടുത്താൻ സീനിയറായ താൻ തന്നെ നിയോഗിക്കപ്പെടുമെന്നുള്ളത് നേരത്തെ പ്രതീക്ഷിച്ചിരുന്നതു കൊണ്ടും, ആദ്യത്തെ അനുഭവമൊന്നുമല്ലാതിരുന്നത് കൊണ്ടും പ്രത്യേകിച്ച് വികാരമൊന്നും തോന്നാതെ യാത്രയായി. വിരസമായ ദിനങ്ങൾ. ഒരു ചെറിയ ഇരുനില കെട്ടിടം. അതിലൊരു മുറി. താമസസൗകര്യം അല്പം മാറി ഒരു ഫ്ലാറ്റിലും. കഷ്ടിച്ച് പതിനഞ്ചു മിനിറ്റ് ഡ്രൈവിങ്ങ് മാത്രം. ഓഫീസിനു പുറകിലെ മുറികളിലൊക്കെ വർക്കേർസിനെ വിതരണം ചെയ്യുന്ന ചെറിയ ചെറിയ ഏജൻസികളാണ്. പല നാട്ടുകാർ, പല വേഷക്കാർ., ഏജൻസി ഓഫീസുകളുടെ വാതിൽക്കൽ ചുമരു ചാരിയും, ചിലർ ബാൽക്കണിയിലുമൊക്കെയായി ഇരിക്കുന്നു. ഓരോ ദിവസവും മുഖങ്ങൾ മാറിവന്നു. എങ്ങോട്ടൊക്കെയോ യാത്രയാകുന്നു. സ്ത്രീകളാണു കൂടുതലും. വീട്ടുജോലിക്കാരെ എത്തിച്ചു കൊടുക്കുന്ന ബിസിനസിൽ തന്നെയാണാ ഏജൻസികൾ പ്രാമുഖ്യം കൊടുക്കുന്നതെന്ന് വ്യക്തം. ഏറ്റവും മുകളിലാണു ബാത് റൂം. അങ്ങോട്ടേക്ക് പോകണമെങ്കിൽ ഈ മുഖങ്ങളൊക്കെ താണ്ടിയേ പറ്റൂ. മരവിച്ച മുഖങ്ങൾ അലോസരം സൃഷ്ടിച്ചു കൊണ്ടേയിരുന്നു.

    ഇനിയൊരു വാരം കൂടെ.  പ്രൊജക്റ്റിന്റെ അവസാനഘട്ടത്തിലേക്കെത്തി. ജോലിക്കാരൊക്കെ ഉത്സാഹത്തിൽ. ഫോർമാനോട് അന്നു ചെയ്യേണ്ട കാര്യങ്ങളെകുറിച്ചൊക്കെ ബ്രീഫ് ചെയ്തു. കമ്പനിയിലേക്കു വിളിച്ച് ഫിനിഷ് ചെയ്തു പോകുന്ന കാര്യം ഒരിക്കൽ കൂടെ പറഞ്ഞുറപ്പിച്ചു.  സെറ്റിൽമെന്റൊക്കെ ഉടൻ തന്നെ ശരിയാക്കിത്തരാമെന്ന് മാനേജർ  പറഞ്ഞതോടെ, ഇനിയൊന്നും ചെയ്യാൻ ബാക്കിയില്ലാതെയായി.  ഈ മാസം അവസാനത്തേക്ക് തന്നെ ട്രാവത്സിലേക്കു വിളിച്ച് ടിക്കറ്റും ബുക്ക് ചെയ്തു. ഇനിയൊരു മടക്കമില്ലാത്ത യാത്ര. ഒരു ദീർഘനിശ്വാസത്തോടെ കസേരയിലേക്കു ചാഞ്ഞു.
“സർ. പോകവേണ്ടാമാ..“ തമിഴന്‍ ഡ്രൈവറുടെ ശബ്ദം കാതിൽ വീഴുമ്പോഴാണു കണ്ണുകൾ തുറന്നത്.
“ഒരു മിനിറ്റു. ഒന്ന് ബാത് റൂമിൽ പോയിട്ടിതാ എത്തി “. മെല്ലെ പടികൾ കയറി മുകളിലെത്തി. തിരികെ വരുംവഴി ഒരു നനഞ്ഞ തുണിക്കെട്ടു പോലൊരു രൂപം ചുവരിനോട് ചേർന്ന്. പതിവു കാഴ്ചയെന്ന് കരുതി മുഖം തിരിക്കവേ, ഒരു സംശയം, ഉള്ളിലുയർന്നൊരാന്തലോടെ ഒരിക്കൽ കൂടി നോക്കി. ശാരി. സപ്തനാഡികളും തളരുന്നത് പോലെ. ദൈവമേ.., പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ലേ. സുഖമായി ജീവിക്കുന്നു എന്നു കരുതി ഇത്രനാള്‍ . എങ്ങനെയിവിടെ, ചോദ്യങ്ങളൊക്കെ ബാക്കി വെച്ച് വിറയാര്‍ന്ന കരങ്ങള്‍ അവള്‍ക്കു നേരെനീട്ടി. ഒന്നുമുരിയാടാതെയെന്‍ മുഖത്തേക്കു നോക്കിയ അവളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിരയിളക്കം...



31 comments:

  1. നഷ്ടപ്രണയത്തിന്റെ പേരും പറഞ്ഞ് ജീവിതം തുലച്ചുകളയുന്നവരാണീ ലോകത്തിലേയ്ക്കും വച്ച് ഏറ്റവും വലിയ പമ്പരവിഡ്ഡികള്‍. നെടുവീര്‍പ്പുകളിട്ട് പാഴാക്കാനുള്ളതല്ല ജീവിതം.

    നല്ല കഥയായിരുന്നു. അവസാന വരികള്‍ കഥയുടെ ഗുണത്തെ കളഞ്ഞുകുളിച്ചു.

    ReplyDelete
  2. നന്നായിട്ടുണ്ട്...

    ReplyDelete
  3. നന്നായിട്ട്ണ്ട്......കിടിലന്‍... അവസാനം ചില ചോദ്യങ്ങള്‍ അവശേഷിപ്പിക്കാന്‍ കഥാകാരന് കഴിഞ്ഞു.... ആശംസകള്‍

    ReplyDelete
  4. അവളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിരയിളക്കം......

    അത് കഴിഞ്ഞു ബാക്കി ?

    നന്നായിട്ടുണ്ട് നവാസ് ഭായി

    jaison jacob

    ReplyDelete
  5. നല്ലൊരു ചെറുകഥ. ചില പ്രണയങ്ങൾ പൂർത്തിയാകാതെ പോകുന്നു.. അവ പിന്നീട് നമ്മളെ കാണുന്നത് മറ്റു രൂപങ്ങളിലായിരിക്കും. ചിലപ്പോഴൊക്കെ അവ നമ്മെ വേദനിപ്പിക്കും... എന്തായാലും ഒരു മരുഭൂമിക്കഥ ഇഷ്ടമായി..

    പേരു കൊടുക്കുന്നതിൽ നവാസ്ക്ക ആളൊരു പുലിയാണല്ലോ...

    ReplyDelete
  6. തുടക്കം ഗൃഹാതുരത്വം ഉണര്‍ത്തി. പക്ഷെ ഒടുക്കം കുറച്ചു നിരാശപ്പെടുത്തി.

    ReplyDelete
  7. അവസാനം കുറച്ചൂടെ ശരിയാക്കാമായിരുന്നു ... മടി ണ്ടോ എഴുതാന്‍ ?

    ReplyDelete
  8. എഴുതി തേഞ്ഞ വിഷയം..കഥ പറച്ചിലിലും പുതുമ തോന്നിയില്ല..

    ReplyDelete
  9. കൊള്ളാം അവതരണം , അതുകൊണ്ട് വായിച്ചു

    ReplyDelete
  10. പ്രതീക്ഷയുടെ ഒരു തിളക്കത്തോടെ കഥ അവസാനിപ്പിച്ചത് വളരെ നന്നായി

    ReplyDelete
  11. ഞാന്‍ നാട്ടില്‍ പോകാന്‍ ഒരുങ്ങുകയാ...ചുമ്മ ബേജാറക്കല്ലെ... :(

    ReplyDelete
  12. പറഞ്ഞു തുടങ്ങിയപ്പോള്‍ പൈങ്കിളി
    തുടര്‍ച്ചയില്‍ ഒരു മാറ്റം കണ്ടു.
    ഒടുക്കം എല്ലാം കൂടി കല്ലറയില്‍ അടക്കി!

    വ്യാകരണത്തെറ്റ് ശരിയാക്കണം.
    ഓരോഴുക്കോടെ വായിക്കാനാവുന്നുണ്ട്‌.

    ReplyDelete
  13. pazhaya veenju pazhaya kuppiyil..... enkilum thudakkam nannayirunnu... pazhaya nilavarathilekkethiyilla...
    Joseph

    ReplyDelete
  14. നവാസിക്ക....അവസാന പാരഗ്രാഫ്‌ എഴുതാന്‍ നേരം ഇത്തിരി അലസത കാണിച്ചെന്ന് തോന്നുന്നു....അതുവരെ കുഴപ്പമൊന്നുമില്ലായിരുന്നു......

    ReplyDelete
  15. കൊള്ളാം , തുടക്കം വളരെ നല്ലൊരു വായന തന്നെയായിരുന്നു...
    പക്ഷെ അവസാനത്തെ തൊട്ടു മുന്‍പിലുള്ള പാരഗ്രാഫ് എന്തോ അല്പം ധൃതി കാണിച്ചതുപോലെ തോന്നി.

    , “ഒരു മിനിറ്റു. ഒന്ന് ബാത് റൂമിൽ പോയിട്ടിതാ എത്തി “. മെല്ലെ പടികൾ കയറി മുകളിലെത്തി. തിരികെ വരുംവഴി ഒരു നനഞ്ഞ തുണിക്കെട്ടു പോലൊരു രൂപം ചുവരിനോട് ചേർന്ന്. പതിവു കാഴ്ചയെന്ന് കരുതി മുഖം തിരിക്കവേ, ഒരു സംശയം, ഉള്ളിലുയർന്നൊരാന്തലോടെ ഒരിക്കൽ കൂടി നോക്കി. ശാരി.

    ശാരി എങ്ങനെ അവിടെയെത്തി? എപ്പോള്‍ എത്തി, മുന്പ് എത്തിയിരുന്നെങ്കില്‍ എന്തുകൊണ്ട് മുന്പ് കാണാനായില്ല എന്നൊക്കെ ഒരു ചോദ്യം മനസ്സില്‍ വന്നു. അതൊഴിച്ചാല്‍ രസകരമായി തോന്നി...

    അവസാനം പ്രതീക്ഷയുടെ ഒരു തിരി നാളം കത്തിച്ചു വെച്ച് തന്നത് കൂടുതല്‍ ഇഷ്ടമായി...

    ReplyDelete
  16. നഷ്ട പ്രണയവും പ്രതീക്ഷകള്‍ മരവിചിടത്ത് നിന്നുള്ള ഒരു ഉയര്‍ത്തെഴുനെല്പ്പും ജീവിതം പലപ്പോഴും ഇങ്ങനെ ഒക്കെ തന്നെയാണ്

    ReplyDelete
  17. കൊള്ളാം...എനിക്കും ഇഷ്ടമായി !
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  18. തുടക്കം വായിച്ചു വന്നപ്പോള്‍ ഞാന്‍ കരുതി രണ്ടുപേരും രക്ഷപെട്ടല്ലോ എന്ന് ...!

    ReplyDelete
  19. പലരും പറഞ്ഞ പോലെ ഒന്നു കൂടി മിനുക്കി എടുക്കാനുണ്ടായിരുന്നു. ക്ലൈമാക്സ് കലക്കി. പക്ഷെ എന്തോ ധൃതി കൂട്ടിയ പോലെ.

    ReplyDelete
  20. എല്ലാവരും പറഞ്ഞത് നല്ല തുടക്കതെയാണ് , വായനയുടെ അവസാന അക്ഷരത്തില്‍ വരികളില്‍ ഒളിപ്പിച്ച വലിയ വെളിച്ചത്തെ ഒന്ന് ചെറുതാക്കിയോ എന്ന് സംശയം , പെട്ടെന്നങ്ങ് ഇഷ്ടപെടാന്‍ തോനാത്ത അവസാനിപ്പിക്കല്‍ യഥാര്‍ത്ഥ ജീവിതത്തിലെ മടക്കുകളില്‍ കുടുങ്ങികിടന്നാണ് വായിച്ചത് , ഒന്നും വരുത്തല്ലേ എന്ന് പ്രാര്‍ത്ഥന ഫലിക്കുന്നതാണ് പിന്നെ കണ്ടത് എന്നാലും പകുതിയോടടുത്തപ്പോള്‍ ഒരു നിരാശ പിന്നെ നല്ല നിലയില്‍ തന്നെ ആകട്ടെ എന്ന് കൂടെ ഞാനും പ്രാര്‍ഥിച്ചു, വായിച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ കുറച്ചു ചോദ്യങ്ങള്‍ അവശേഷിപ്പിച്ച ഒരു നല്ല രചന തെന്നെ നവാസേ എന്നാലും എന്‍റെ മനസ്സില്‍ അവശേഷിച്ച ഒരു ചോദ്യം മറുപടി അര്‍ഹിക്കുന്നു എന്ന് തോനുന്നു - കല്യാണ ശേഷം അവസാന വരികള്‍ക്കിടയില്‍ പിടഞ്ഞ ആ നല്ല ജീവിതം എന്തായിരുന്നു ? ഒരു നനഞ്ഞ തുണി കേട്ടെന്നു പറഞ്ഞപ്പോള്‍ നനഞ്ഞ മനസ്സിനായി വിട്ടു തന്ന നല്ല അവതരനതിന്നു ഒരു പാടു നന്ദി , എന്നാലും ആരെയോ പേടിക്കും പോലെ എന്തായിരുന്നു ഇത്ര ദൃതി പിടിച്ചു അവസാനിപ്പിച്ചത് ( നിന്‍റെ ശൈലി തന്നെ അങ്ങിനെയാണ് തോനുന്നു )

    ReplyDelete
    Replies

    1. ജീവിതയാത്രയിൽ പലവിധ വൈഷമ്യങ്ങൾക്കിടയിലൂടെ കടന്നു പോകുമ്പോൾ ആശിച്ചതൊന്നും പലർക്കും കൈപ്പിടിയിൽ ഒതുക്കാൻ കഴിയില്ലെന്നതൊരു സത്യമാണു., തീരെ അപരിചിതമായ ഒരു ചുറ്റുപാടിൽ നമുക്കുറ്റവരായിരുന്ന ആരെയെങ്കിലും അപ്രതീക്ഷിതമായി കണ്ടെത്തിപ്പെടേണ്ടി വരുന്ന ഒരവസ്ഥ, അവിടെക്കാണു ഞാൻ വിരൽചൂണ്ടിയത്. സമ്മിശ്രപ്രതികരണങ്ങളിൽ നിന്ന് എന്റെ വായനയും എഴുത്തും പുരോഗമിക്കണമെന്നും മനസ്സിലാക്കുന്നു. അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും ആത്മാർത്ഥമായ നന്ദി..

      Delete
  21. ഞാന്‍ ഈ വഴി തുടക്കക്കാരിയാ അഭിപ്രായം പറയാന്‍ മാത്രം എനിക്കത്ര അറിവും ഇല്ല വന്നപ്പോള്‍ എന്‍റെ വരവ് അറിയിക്കുകയാണ് , ഒരു പ്രണയം നന്നായി പറഞ്ഞു അതിലെ പ്രദീക്ഷയും അത് സാക്ഷാല്‍കരിക്കാന്‍ വേണ്ടി മരുഭൂമിയിലെത്തിയതും പിനീദ്‌ ഒരു സങ്കടം തോനി കുറച്ചു വരികള്‍ എനിക്ക് മനസ്സിലായില്ല , അവസാനം ഒരു ഒരു നല്ല പ്രദീക്ഷയും തന്നു ..ആശംസകള്‍

    ReplyDelete
  22. നന്നായിട്ടുണ്ട് എന്ന് പറയുന്നില്ല. നല്ല ശ്രമം. നവാസ്‌ ഉദേശിച്ചത് അപ്രതീക്ഷിത സാഹചര്യത്തില്‍ പ്രിയപ്പെട്ടവരേ കണ്ടുമുട്ടുന്നതാകാം. അതിനാകാം അവസാന പാരഗ്രാഫ്‌ എഴുതിയത്. പക്ഷെ അത് വായനക്കാരിലെക്കെത്തിയില്ല. അതിനു കാരണം അതവതരിപ്പിച്ചതിലെ അലസതയും അവിശ്വസിനീയതയുമാണ്. വ്യക്തമായി ഒരിടത്ത്, അവിടെ എങ്ങനെ എത്തിയിരിക്കാം എന്ന് വായനക്കാര്‍ക്ക് ഊഹിക്കാന്‍ കഴിയുന്ന രീതിയില്‍ അവളെ കാണിച്ചിരുന്നെങ്കില്‍ ആ സാഹചര്യം വ്യക്തമായേനെ.
    ആശംസകള്‍ നവാസ്‌

    ReplyDelete
  23. നവാസ് കഥ രണ്ട് ദിവസം മുമ്പ് തന്നെ ഒന്ന് ഓടിച്ചിട്ട് വായിച്ചിരുന്നു. :)

    ഇക്കഥയിൽ പതിവ് നിലവാരം പുലർത്തിയില്ല കെട്ടോ? പ്രത്യേകിച്ചും ആദ്യ ഭാഗങ്ങളിൽ. ആ ശൈലി പഴകിപ്പറഞ്ഞവയാണ്. എങ്കിലും അവസാന ഭാഗത്ത് നഷ്ട പ്രണയം സഫലമാകുന്നതിന്റെ ദിശ കാട്ടി അവസാനിപ്പിച്ചതിന് അഭിനന്ദനങ്ങൾ.

    ReplyDelete
  24. നന്നായിരിക്കുന്നു അവസാനം ഒരു ആകാംക്ഷനല്‍കി കൊണ്ട്നിറുത്തി

    ReplyDelete
  25. ഒന്ന് ഓടിച്ചു വായിച്ചു. എന്നാലും കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി. എന്നാലും കുഴപ്പമില്ല. പ്രതീക്ഷകള്‍ നല്‍കികൊണ്ട് അവസാനിപ്പിച്ചത് നന്നായി.

    ReplyDelete
  26. വളരെ നല്ലൊരു തുടക്കമായിരുന്നു.ഒരു ഖരത്തില്‍ വായിച്ചു വന്നപ്പോള്‍ അവസാനം ഒരു പോരായ്മ തോന്നി .,.,ഈ കഥ തുടരുന്നുവെങ്കില്‍ അവസാനം ശരിയാണ് അല്ലെങ്കില്‍ ഒരു പൂര്‍ണത തോന്നിയില്ല .,.,ആശംസകള്‍

    ReplyDelete
  27. കഥയുടെ അവതരണം നന്നായി. കഥാന്ത്യത്തെ പറ്റി പലരും അഭിപ്രായം പറഞ്ഞല്ലോ.

    അവളെ കണ്ട ഉടനെ ചോദ്യങ്ങള്‍ എല്ലാം ബാക്കി വെച്ച് അയാള്‍ അവള്‍ക്കു നേരെ കൈ നീട്ടുന്നതും പെടുന്നനെ അവളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിരയിളക്കം ഉണ്ടാകുന്നതും ആണ് കഥയെ ബാധിച്ചത് എന്ന് തോന്നുന്നു. ഇവിടം ഒന്നൂടെ ശ്രദ്ധിച്ചു കൈകാര്യം ചെയ്തിരുന്നെങ്കില്‍ കഥ ഒന്നൂടെ നന്നാകുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.

    എഴുത്ത് തുടരുക. ഈ നല്ല ശ്രമത്തിനു ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി അക്ബർ ഭായ്.., അങ്ങയുടെ സന്ദർശനത്തിനും, ഉപദേശത്തിനും..

      Delete